കൊളംബോ: ശ്രീലങ്കയിലെ പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ നിയോഗിച്ച് സര്‍ക്കാര്‍. പെട്രോളിനും മണ്ണെണ്ണയ്ക്കും രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതോടെ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ജനങ്ങള്‍ ഇവ വാങ്ങുന്നത്. പാചക വാതകത്തിന്റെ വില കുതിച്ചു കയറിയതോടെ മണ്ണെണ്ണയാണ് ജനങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്നത്.
നൂറുകണക്കിന് വരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളില്‍ രണ്ടു സൈനികരെ വീതമായിരിക്കും വിന്യസിക്കുക എന്ന് സൈനിക വക്താവ് നിളന്ത പ്രേമരത്‌നെ വ്യക്തമാക്കി. പെട്രോള്‍ വിതരണം കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് സൈനികരുടെ ജോലിയെന്നും അവര്‍ ആളുകളെ നിയന്ത്രിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഭക്ഷണ ക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ശ്രീലങ്കയില്‍ നിന്ന് ജനങ്ങള്‍ അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി. പെട്രോള്‍ വാങ്ങാന്‍ ക്യൂ നിന്ന മൂന്നു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരു ചെറുപ്പക്കാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് പെട്രോള്‍ വിതരണം ഏകോപിപ്പിക്കുന്നതിന് സൈന്യത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
'ജനങ്ങളെ സഹായിക്കാനാണ് സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്, അല്ലാതെ അവരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കാനല്ല.' സര്‍ക്കാര്‍ വക്താവ് രമേഷ് പതിരാന പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങള്‍, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാ അവശ്യ വസ്തുക്കള്‍ക്കും കടുത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. കിട്ടുന്ന സാധനങ്ങള്‍ തീ പിടിച്ച വിലയും.
ഡോളര്‍ നിക്ഷേപം കുറഞ്ഞതോടെ അവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജ്യം. ഇന്ത്യയോടും ചൈനയോടും സഹായാഭ്യര്‍ഥന നടത്തിയതിനു പുറമെ ഐഎംഎഫിനോടും ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.