ഓസ്‌ട്രേലിയയില്‍ നാലു വയസുകാരിയെ വളര്‍ത്തു നായക്കൊപ്പം കാണാതായി

ഓസ്‌ട്രേലിയയില്‍ നാലു വയസുകാരിയെ വളര്‍ത്തു നായക്കൊപ്പം കാണാതായി

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് നാലു വയസുകാരിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2:30-നാണ് ഗ്രാമീണ മേഖലയായ സ്റ്റോംലിയയില്‍നിന്ന് പെണ്‍കുട്ടിയെ വളര്‍ത്തു നായക്കൊപ്പം കാണാതായത്. സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസും പോലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

വീടിന്റെ മുറ്റത്താണ് കുട്ടിയെ അവസാനമായി കണ്ടത്. ഈ സമയം രണ്ട് നായ്ക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു. കാണാതാകുമ്പോള്‍ പിങ്കും ഇളം മഞ്ഞയും നിറങ്ങളുള്ള വസ്ത്രങ്ങളാണ് കുട്ടി അണിഞ്ഞിരുന്നത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് സ്റ്റോംലിയ മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. 20-ലധികം ഉദ്യോഗസ്ഥര്‍ കാണാതായ സ്ഥലത്തിനു സമീപമുള്ള കൃഷിയിടങ്ങളിലും കുറ്റിച്ചെടികളിലും തെരച്ചില്‍ നടത്തുന്നുണ്ട്.

കുട്ടിയെ കണ്ടെത്തിയാല്‍ അടിയന്തര വൈദ്യ സഹായത്തിനായി പാരാമെഡിക്കല്‍ സംഘവും സ്ഥലത്തുണ്ട്. പെണ്‍കുട്ടിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ അവളുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26