ഓസ്‌ട്രേലിയയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ കാണാതായിട്ട് ഒരു ദിവസം; തെരച്ചില്‍ പുരോഗമിക്കുന്നു

ഓസ്‌ട്രേലിയയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ കാണാതായിട്ട് ഒരു ദിവസം; തെരച്ചില്‍ പുരോഗമിക്കുന്നു

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് നാലു വയസുകാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാവാത്തതില്‍ ആശങ്ക. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2:30-നാണ് ഗ്രാമീണ മേഖലയായ സ്റ്റോംലിയയിലെ വീട്ടുമുറ്റത്തുനിന്ന് ഷൈല ഫിലിപ്പിനെ ഒരു നായക്കൊപ്പം കാണാതായത്. ഇതില്‍ നായയെ പിന്നീട് വീടിന് 700 മീറ്റര്‍ അകലെ വച്ച് കണ്ടെത്തി. കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

വീടിന്റെ മുറ്റത്താണ് കുട്ടിയെ അവസാനമായി കണ്ടത്. ഈ സമയം രണ്ട് നായ്ക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ഉച്ചയ്ക്ക് കാണാതാകുമ്പോള്‍ പിങ്കും ഇളം മഞ്ഞയും നിറങ്ങളുള്ള വസ്ത്രങ്ങളാണ് കുട്ടി അണിഞ്ഞിരുന്നത്. മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായ വിവരം പോലീസിനെ അമ്മ ബിയാങ്ക ഫോണില്‍ വിളിച്ച് അറിയിച്ചത്.


ഷൈല ഫിലിപ്പ്

സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസും പോലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററും തെര്‍മല്‍ ക്യാമറയുള്ള ഡ്രോണും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് സ്റ്റോംലിയ മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. നൂറിലധികം ഉദ്യോഗസ്ഥര്‍ കാണാതായ സ്ഥലത്തിനു സമീപമുള്ള കൃഷിയിടങ്ങളിലും കുറ്റിച്ചെടികളിലും തെരച്ചില്‍ നടത്തുന്നുണ്ട്.

ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലിലാണ് നായയെ വീട്ടില്‍ നിന്ന് 700 മീറ്റര്‍ അകലെ ഇന്നലെ വൈകിട്ട് ഏഴു മണിയോടെ കണ്ടെത്തിയത്. അതേസമയം ഷൈലയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

അയല്‍വാസികളുടെ രണ്ട് നായ്ക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നതെന്ന് ഷൈലയുടെ അമ്മ ബിയാങ്ക പറഞ്ഞു. ഇത് പതിവുള്ള സംഭവമാണ്. ഷൈലയ്ക്ക് നായ്ക്കളെ അടുത്തറിയാം. അര മണിക്കൂറിനു ശേഷം അമ്മ ഷൈലയെ നോക്കാന്‍ പോയപ്പോഴാണ് കുട്ടിയും നായ്ക്കളും അവിടെ ഇല്ലെന്ന് കണ്ടെത്തിയതെന്ന് ഇന്‍സ്‌പെക്ടര്‍ ഗാവിന്‍ ഹാലെറ്റ് പറഞ്ഞു.

വീട്ടിലും പരിസരത്തും തെരച്ചില്‍ നടത്തിയെങ്കിലും ഷൈലയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അമ്മ പോലീസില്‍ വിവരമറിയിച്ചത്. ടാസ്മാനിയ പോലീസ് വരുന്നതു വരെ ബിയാങ്ക സുഹൃത്തിനൊപ്പം അയല്‍വാസികളുടെ വീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും ഷൈലയെ കണ്ടെത്താനായില്ല.

ഒറ്റപ്പെട്ട സ്ഥലമായതിനാലും ഗ്രാമീണ ഭൂപ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്തും ഷൈലയുടെ പ്രായക്കുറവും കാരണം രക്ഷാപ്രവര്‍ത്തനത്തിന് ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ വിന്യസിക്കുകയും വ്യാപകമായ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. വീടിനു സമീപമുള്ള നാല് അണക്കെട്ടുകളും കുളങ്ങളും ഒറ്റരാത്രികൊണ്ട് പോലീസ് മുങ്ങല്‍ വിദഗ്ധര്‍ വറ്റിച്ചു പരിശോധന നടത്തി.


കുട്ടിയെ കാണാതായ മേഖല

ഷൈലയ്ക്ക് എട്ട് വയസുള്ള ഒരു സഹോദരനുണ്ട്. ഷൈലയെ കാണാതാകുമ്പോള്‍ സഹോദരന്‍ വീടിനകത്ത് വീഡിയോ ഗെയിം കളിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഒളിച്ചു കളിക്കുന്നത് ഏറെ ഇഷ്ടമാണെന്ന് അമ്മ പറഞ്ഞതായി ഇന്‍സ്‌പെക്ടര്‍ ഹാലെറ്റ് പറഞ്ഞു.

കുട്ടിയെ കണ്ടെത്തിയാല്‍ അടിയന്തര വൈദ്യ സഹായത്തിനായി പാരാമെഡിക്കല്‍ സംഘവും സ്ഥലത്തുണ്ട്. പെണ്‍കുട്ടിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ അവളുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.

ഷൈലയുടെ തിരോധാനം സംശയാസ്പദമാണെന്ന് വിലയിരുത്താന്‍ നിലവില്‍ പോലീസിന്റെ പക്കല്‍ തെളിവുകളില്ലെന്നും എന്നാല്‍ ആ സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇന്‍സ്‌പെക്ടര്‍ ഹാലെറ്റ് പറഞ്ഞു. എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായെങ്കില്‍, നായ്ക്കള്‍ അവിടംവിട്ടു പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.