പ്രകൃതി വാതക വിതരണത്തിന് പേയ്‌മെന്റുകൾ റൂബിളിൽ മാത്രം : സാമ്പത്തിക ഉപരോധത്തിന് പുടിന്റെ മറുപടി

പ്രകൃതി വാതക വിതരണത്തിന് പേയ്‌മെന്റുകൾ റൂബിളിൽ മാത്രം : സാമ്പത്തിക ഉപരോധത്തിന് പുടിന്റെ മറുപടി

മോസ്‌കോ : അമേരിക്കയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന് തിരിച്ചടിയായി സൗഹൃദമില്ലാത്ത രാജ്യങ്ങളുമായുള്ള പ്രകൃതി വാതക വിപണനത്തിന് റൂബിളിൽ മാത്രമേ തന്റെ രാജ്യം പേയ്‌മെന്റുകൾ സ്വീകരിക്കുകയുള്ളൂവെന്ന് ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെളിപ്പെടുത്തി.

മുൻപ് ഈ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ഡോളറും യൂറോയും പോലുള്ള കറൻസികൾ ഇനി ഉപയോഗിക്കില്ല എന്നതാണ് റഷ്യയുടെ  നിലപാട്. ഇത്തരം കരാറുകൾ പൊളിച്ചെഴുതണം. എന്നാൽ സൗഹൃദ രാജ്യങ്ങളുമായി നിലവിലിരിക്കുന്ന കരാറുകൾ അപ്രകാരം തന്നെ തുടരുന്നതായിരിക്കും. സൗഹൃദമില്ലാത്ത രാജ്യങ്ങളുമായുള്ള ഗ്യാസ് കരാറുകൾ റൂബിളാക്കി മാറ്റി പുതുക്കിയ ശേഷം വിദേശ ഉപഭോക്താക്കൾക്ക് ആവശ്യമായ ഇടപാടുകൾ നടത്താനുള്ള അവസരം ഉണ്ടായിരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

റഷ്യയുടെ ഭാഷ്യമനുസരിച്ച് ഫെബ്രുവരി 24 ന്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പുതുതായി അംഗീകൃതമായ ലുഹാൻസ്‌ക്, ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കുകളുടെ നേതാക്കളുടെ സഹായ അഭ്യർത്ഥനയെത്തുടർന്ന് ഉക്രെയ്‌നിൽ ഒരു പ്രത്യേക സൈനിക നടപടി ആരംഭിച്ചു. ഉക്രെയ്‌നിന്റെ സൈനികശക്തി ഇല്ലാതാക്കുകയും ഡി-നാസിഫിക്കേഷനും ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ. എന്നാൽ പ്രകോപനമില്ലാതെയാണ് മോസ്‌കോയുടെ ആക്രമണം നടന്നതെന്ന് ഉക്രെയ്‌നും വാദിക്കുന്നു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളും റഷ്യയുടെ ഉക്രെയ്നിലെ നീക്കങ്ങൾക്ക് ശിക്ഷയായി വലിയൊരു ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി റഷ്യൻ എണ്ണ ഇറക്കുമതി നിരോധനവും റഷ്യക്കാർക്ക് വിദേശത്തുള്ള ആസ്തി മരവിപ്പിക്കലും നേരിടേണ്ടി വന്നിട്ടുണ്ട്. മിക്ക യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത് എന്നത് നിരോധനത്തെ ദുർബലപ്പെടുത്തുന്നു. റൂബിൾ അടിസ്ഥാനമാക്കിയുള്ള കരാറുകൾ യൂറോപ്യൻ രാജ്യങ്ങളുടെ മേൽ പതിക്കുന്ന അശനിപാതമായിരിക്കും. യുദ്ധം ദീർഘിക്കുന്ന സാഹചര്യത്തിൽ നാറ്റോ രാജ്യങ്ങൾ റഷ്യയുമായി നേരിട്ട് യുദ്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയും നിരീക്ഷകർ തള്ളിക്കളയുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.