ചൈനീസ് വിമാനാപകടം; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ ബ്ലാക്ക് ബോക്സ് പരിശോധന

ചൈനീസ് വിമാനാപകടം; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ ബ്ലാക്ക് ബോക്സ് പരിശോധന

ബീജിങ്: തെക്കന്‍ ചൈനയില്‍ 132 പേരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നു വീണ്ടെടുത്ത ബ്ലാക്ക് ബോക്സ്, കോക്പിറ്റ് വോയിസ് റെക്കോര്‍ഡറാണെന്നു തിരിച്ചറിഞ്ഞു. ദുരന്തത്തിനിരയായവരുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്.

അപകടം നടന്നത് ഒരു പര്‍വത വനമേഖല ആയതിനാലും വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാലുമാണ് തെരച്ചില്‍ ദുഷ്‌കരമാകുന്നത്. തിങ്കളാഴ്ച്ച അപകടം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും 132 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെത്താത്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

അപകടത്തിന്റെ ആഘാതത്തില്‍ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതിലെ ഡാറ്റ വിശകലനം ചെയ്യുകയാണെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ വ്യോമയാന സുരക്ഷാ ഓഫീസ് മേധാവി ഷു താവോ പറഞ്ഞു. ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡ് ചെയ്യുന്ന രണ്ടാമത്തെ ബ്ലാക്ക് ബോക്സിനു വേണ്ടി തെരച്ചില്‍ തുടരുകയാണ്.

വിമാനം അപകടത്തില്‍പെടാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ബ്ലാക്ക് ബോക്സുകള്‍ക്ക് സാധിക്കും.

വിമാനം തകര്‍ന്നുവീണ മലനിരകളില്‍ 300-ലധികം രക്ഷാപ്രവര്‍ത്തകരാണ് തെരച്ചില്‍ നടത്തുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളും ഡ്രോണുകളും സ്നിഫര്‍ ഡോഗുകളും ഉപയോഗിച്ചാണ് തെരച്ചില്‍ തുടരുന്നത്. അതേസമയം മഴയും മണ്ണിടിച്ചിലും കാരണം തെരച്ചില്‍ ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.

വിമാനം നിലത്ത് പതിച്ചപ്പോള്‍ ഉണ്ടായ കുഴിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കുത്തനെയുള്ള ചരിവുകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ശ്രമം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്ക് പോവുകയായിരുന്ന ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനമാണ് തിങ്കളാഴ്ച്ച അപകടത്തില്‍ പെട്ടത്. വുഷു നഗരത്തിലെ ടെങ്സിയാന്‍ കൗണ്ടിയില്‍ പര്‍വതമേഖലയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 123 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളും മരിച്ചു. 20000 അടി മുകളില്‍നിന്ന് വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ഇത് നിര്‍മാണത്തിലെ പിഴവാണോ സാങ്കേതികപ്രശ്നമാണോ എന്ന് കണ്ടെത്തണമെന്നും ആവശ്യം ഉയരുന്നുണ്ട.

വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാരും നല്ല ആരോഗ്യമുള്ളവരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, വിമാനം മൂക്ക് കുത്തി പതിക്കുന്നതിന് മുമ്പായി ചൈനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് പൈലറ്റുമാരില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരു ദശാബ്ദത്തിലേറെയായി ചൈനയിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരവിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.