അങ്ങ് വിയറ്റ്നാമില്‍ മാത്രമല്ലെട ഉവ്വെ.. ഇങ്ങ് കേരളത്തിലും വിളയും ഈ 'സ്വര്‍ഗീയ പഴം...!

അങ്ങ് വിയറ്റ്നാമില്‍ മാത്രമല്ലെട ഉവ്വെ.. ഇങ്ങ് കേരളത്തിലും വിളയും ഈ 'സ്വര്‍ഗീയ പഴം...!

'ഗാഗ് പഴം' അങ്ങ് വിയറ്റ്നാമില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോടുകാരന്‍ കര്‍ഷകന്‍. കോഴിക്കോട് കോടഞ്ചേരി സ്വദേശി ആലക്കല്‍ ജോസഫിന്റെ പറമ്പിലാണ് വിയറ്റ്നാമിന്റെ 'സ്വര്‍ഗീയ പഴ'മെന്നറിയപ്പെടുന്ന ഗാഗ് കായ്ച്ചത്.

ജാതി മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വരെയുള്ള ജോസഫിന്റെ കൃഷിടത്തില്‍ ഈ പഴമാണ് ഏറെ ആകര്‍ഷകമായ ഇനം. വിയറ്റ്നാം, തായ്ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പഴം സാധാരണയായി കണ്ടു വരുന്നത്. അങ്കമാലിയിലെ ഒരു സുഹൃത്തില്‍ നിന്നാണ് ജോസഫിന് ഗാഗിന്റെ വിത്തു ലഭിച്ചത്.

ആറുമാസം മുന്‍പ് നട്ടു. ചെടി കായ്ച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ മലയോര കര്‍ഷകന്‍. ആണ്‍വിത്തും പെണ്‍വിത്തും അടുത്തടുത്ത് നട്ടാല്‍ മാത്രമേ ഗാഗ് കായ്ക്കുകയുള്ളൂ. ഏറെ ഔഷധ ഗുണമുള്ള ഈ പഴത്തിന് കിലോയ്ക്ക് ആയിരം രൂപവരെ വിലയുണ്ടെന്ന് ജോസഫ് പറയുന്നു.

ജ്യൂസുണ്ടാക്കി കഴിക്കുന്നതിന് പുറമെ പച്ച ഗാഗ് കറിവച്ചും, തോരന്‍ ഉണ്ടാക്കിയും കഴിക്കാം. തളിരിലകളും, പൂവും കറിയാക്കാം. ഈ പഴത്തിന്റെ ഉള്ളില്‍ കാണപ്പെടുന്ന ഒരു തരം ഓയിലും ഏറെ വിലപിടിപ്പുള്ളതാണ്. ജൈവ വളം മാത്രമാണ് ജോസഫ് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്.

കേരളക്കരയിലും വിദേശ ഫലങ്ങള്‍ സുലഭമായി ഉണ്ടാകുമെന്ന് തെളിയിച്ച ജോസഫ് ഇപ്പോള്‍ കൃഷി വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.