'തെബായിഡിലെ പ്രവാചകന്‍' എന്നറിയപ്പെട്ടിരുന്ന ഈജിപ്തിലെ വിശുദ്ധ ജോണ്‍

'തെബായിഡിലെ പ്രവാചകന്‍' എന്നറിയപ്പെട്ടിരുന്ന ഈജിപ്തിലെ വിശുദ്ധ ജോണ്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 27

ഈജിപ്തിലെ അസ്യൂട്ടില്‍ എ.ഡി 304 ല്‍ ഒരു തച്ചന്റെ മകനായിട്ടാണ് ജോണ്‍ ജനിച്ചത്. ഇരുപത്തഞ്ച് വയസായപ്പോള്‍ അദ്ദേഹം സമീപ പ്രദേശത്തുള്ള ഒരു പര്‍വതത്തിലെ ആശ്രമത്തില്‍ സന്യാസിയായി മാറി.

അദ്ദേഹത്തിന് 40 വയസായപ്പോള്‍ അസ്യൂട്ടിനു സമീപമുള്ള വലിയൊരു പാറയുടെ മുകളില്‍ ഒരു ചെറിയ മുറി പണിത് അവിടെ കഠിനമായ ഏകാന്ത വാസമാരംഭിച്ചു. സൂര്യാസ്തമനം വരെ വിശുദ്ധന്‍ ഒന്നും ഭക്ഷിക്കാറില്ലായിരുന്നു. മുഴുവന്‍ സമയവും പ്രാര്‍ത്ഥനയും ധ്യാനവുമായി അദ്ദേഹം കഴിഞ്ഞു.

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും തന്റെ പക്കല്‍ ഉപദേശം തേടിവരുന്ന ഭക്തരോട് മുറിയുടെ കിളിവാതിലിലൂടെ അത്യാവശ്യത്തിനു മാത്രം സംസാരിച്ചു. ജോണിന്റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തിന്റെ മുറിക്ക് സമീപം ഒരു ശുശ്രൂഷാലയം സ്ഥാപിക്കുകയും അവിടെ വരുന്നവരെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു. ഇവര്‍ വിശുദ്ധന്റെ അത്ഭുതങ്ങള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവചനപരമായ കഴിവുകളെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ പരക്കെ പ്രചാരം കൊടുത്തു.

ഭാവിയെപ്പറ്റി പ്രവചിക്കുവാനുള്ള വിശുദ്ധന്റെ കഴിവുകാരണം അദ്ദേഹത്തിന് 'തെബായിഡിലെ പ്രവാചകന്‍' എന്ന വിളിപ്പേര് നേടികൊടുത്തു. തിയോഡോസിയൂസ് ചക്രവര്‍ത്തിയെ സ്വേച്ഛാധിപതിയായ മാക്‌സിമസ് ആക്രമിച്ചപ്പോള്‍ തിയോഡോസിയൂസ് വിശുദ്ധനോട് യുദ്ധത്തിന്റെ ഗതിയെ കുറിച്ച് ആരാഞ്ഞു. ആ യുദ്ധത്തില്‍ യാതൊരു വിധ രക്തചൊരിച്ചിലും കൂടാതെ തന്നെ തിയോഡോസിയൂസ് വിജയിക്കുമെന്ന് വിശുദ്ധന്‍ പ്രവചിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു.

അതുപോലെ തന്നെ 392 ല്‍ ഇയൂജെനീയൂസിനെതിരായി താന്‍ സൈനിക നീക്കം നടത്തിയാല്‍ അത് വിജയിക്കുമോ, അതോ ഇയൂജെനീയൂസിന്റെ ആക്രമണത്തിനായി കാത്തിരിക്കണമോയെന്ന് ഒരിക്കല്‍ തിയോഡോസിയൂസ് വിശുദ്ധ ജോണിനോട് ആരാഞ്ഞു. ഈ യുദ്ധത്തില്‍ ചക്രവര്‍ത്തി വിജയിക്കുമെന്നും എന്നാല്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് മാത്രമല്ല തിയോഡോസിയൂസ് ഇറ്റലിയില്‍ വെച്ച് മരണപ്പെടുമെന്നും വിശുദ്ധന്‍ പ്രവചിച്ചു. ആ യുദ്ധത്തില്‍ തിയോഡോസിയൂസിനു ഏതാണ്ട് 10,000 ത്തോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം വിജയിക്കുകയും 395 ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു.

ഒരു സെനറ്ററിന്റെ ഭാര്യയുടെ കാഴ്ചശക്തി വീണ്ടെടുത്തതും വിശുദ്ധന്റെ അത്ഭുത പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം സ്ത്രീകളെ കാണുവാനോ അവരുമായി സംസാരിക്കുവാനോ കൂട്ടാക്കുമായിരുന്നില്ല. അദ്ദേഹത്തെ കാണുവാന്‍ വേണ്ടി മാത്രം ലിക്കോപോളിസിലെത്തിയ ചക്രവര്‍ത്തിയുടെ ഒരുന്നത ഉദ്യോഗസ്ഥന്റെ ഭാര്യക്ക് വിശുദ്ധനെ കാണുവാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വരികയും എന്നാല്‍ അവളുടെ വിശ്വാസത്തില്‍ സംപ്രീതനായ വിശുദ്ധന്‍ അവള്‍ക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും നല്ല ഉപദേശങ്ങള്‍ നല്‍കുകയും ചെയ്ത സംഭവം ഇവാഗ്രിയൂസ്, പല്ലാഡിയൂസ്, ഓഗസ്റ്റിന്‍ എന്നിവര്‍ 'മരിച്ചവര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയില്‍' എന്ന പ്രബന്ധത്തില്‍ വിവരിക്കുന്നു.

ഒരിക്കല്‍ വിശുദ്ധ പെട്രോണിയൂസും ആറോളം സന്യാസിമാരും വിശുദ്ധനെ കാണുവാന്‍ എത്തി. തങ്ങളില്‍ ആരെങ്കിലും ദൈവീക വഴിയില്‍ സഞ്ചരിക്കുന്നവരാണോ എന്ന് വിശുദ്ധന്‍ ചോദിച്ചപ്പോള്‍ അവര്‍ 'അല്ല' എന്ന് മറുപടി കൊടുത്തു. വാസ്തവത്തില്‍ പെട്രോണിയൂസ് താന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്ന സത്യം അവരില്‍ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിശുദ്ധന്‍ പെട്രോണിയൂസിനെ ചൂണ്ടികൊണ്ട് ഈ മനുഷ്യന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്നറിയിച്ചപ്പോള്‍ പെട്രോണിയൂസ് അത് നിഷേധിച്ചു.

ഉടന്‍ തന്നെ വിശുദ്ധന്‍ ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, ''എന്റെ മകനേ, ഒരിക്കലും ദൈവത്തില്‍ നിന്നും കിട്ടിയ വരദാനത്തെ നിഷേധിക്കാതിരിക്കുക, നിന്റെ എളിമ അസത്യത്തിലൂടെ നിന്നെ വഞ്ചിക്കുവാന്‍ അനുവദിക്കരുത്. നമ്മള്‍ ഒരിക്കലും അസത്യം പറയരുത്. കാരണം അസത്യമായതൊന്നും ദൈവത്തില്‍ നിന്നും വരുന്നതല്ല''. കൂടാതെ അതിലൊരു സന്യാസിയുടെ അസുഖം സൗഖ്യപ്പെടുത്തുകയും ചെയ്തു.

അഹം ഭാവത്തേയും പൊങ്ങച്ചത്തേയും കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക് പലവിധ ഉപദേശങ്ങള്‍ നല്‍കുകയും തങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും അവയെ ഒഴിവാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി നിരവധി സന്യാസിമാരുടെ ഉദാഹരണങ്ങള്‍ വിശുദ്ധന്‍ അവര്‍ക്ക് നല്‍കി. മൂന്ന് ദിവസത്തോളം വിശുദ്ധനോടൊപ്പം കഴിഞ്ഞതിനു ശേഷം അവര്‍ യാത്രപുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ വിശുദ്ധന്‍ തന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക് നല്‍കി.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ജോണ്‍ മരണപ്പെട്ട വിവരം ആ സന്യാസിമാര്‍ മനസിലാക്കി. വിശുദ്ധന്‍ തന്റെ മരണം മുന്‍കൂട്ടി മനസിലാക്കിയിരുന്നു. തന്റെ അവസാന മൂന്ന് ദിവസം അദ്ദേഹം ആരെയും കാണുവാന്‍ കൂട്ടാക്കാതെ പ്രാര്‍ത്ഥനയില്‍ കഴിയുകയും മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെടുകയും ചെയ്തു.
വിശുദ്ധന്റെ ദിവ്യത്വത്തെക്കുറിച്ചുള്ള കീര്‍ത്തി വിശുദ്ധ അന്തോണീസിന്റെ കീര്‍ത്തിക്ക് തൊട്ടുപുറകിലാണെന്നാണ് പറയപ്പെടുന്നത്. വിശുദ്ധ ജോണിന്റെ സമകാലിക വിശുദ്ധന്‍മാരായ ജെറോം, ആഗസ്റ്റിന്‍, ജോണ്‍ കാസിയന്‍ എന്നിവര്‍ വിശുദ്ധനെ ഏറെ ആദരിച്ചിരുന്നു. എഡി 394 ലോ 395 ലോ ഈജിപ്തിനു സമീപപ്രദേശത്തു വെച്ചായിരുന്നു വിശുദ്ധ ജോണ്‍ മരണമടഞ്ഞത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇംഗ്ലണ്ടിലെ അല്‍കെല്‍ഡ്

2. പോര്‍ച്ചുഗീസ് സന്യാസിയായ അമാത്തോര്‍

3. പന്നോണിയായിലെ വധിക്കപ്പെട്ട പടയാളിയായ അലക്‌സാണ്ടര്‍

4. ക്രിസ്തുമതം സ്വീകരിച്ചതിന് സ്വന്തം പിതാവിനാല്‍ വധിക്കപ്പെട്ട ഇറ്റലിയിലെ അഗുസ്താ

5. ഇല്ലിരിയായിലെ ഫിലെത്തുസ്, ലീഡിയാ, മാച്ചെഡോ, തെയോപ്രേപീയൂസ്, ആംഫിലോക്കസ്, ക്രോണിദാസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.