മെല്‍ബണ്‍: രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ ചൈനയില്‍ തടവിലാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റിന്റെ വിചാരണ അടുത്തയാഴ്ച തുടങ്ങും. ചൈനീസ് സര്‍ക്കാരിന്റെ ഇംഗ്ലീഷ് വാര്‍ത്താ വിഭാഗമായ സി.ജി.ടി.എന്നിന്റെ മുന്‍ ലേഖിക ഷെങ് ലീയാണ് 19 മാസമായി തടവില്‍ കഴിയുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള ആഭ്യന്തര രഹസ്യങ്ങള്‍ വിദേശത്തേക്കു കൈമാറി ചാര പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. തടവിലാക്കപ്പെട്ട് 19 മാസങ്ങളായെങ്കിലും ഷെങ് ലീയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല.
വിചാരണാഘട്ടത്തിലും അധികം വിവരങ്ങള്‍ പുറത്തുവന്നേക്കില്ല എന്നാണ് കരുതുന്നത്. രഹസ്യ വിചാരണ നടത്താനാണ് നിലവിലെ തീരുമാനം. ചൈനീസ് നിയമവ്യവസ്ഥ അനുസരിച്ച് അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ജനിച്ച ഷെങ് ലീ നിലവില്‍ ഓസ്ട്രേലിയന്‍ പൗരയാണ്. കുട്ടിക്കാലത്ത് ഇവര്‍ ഓസ്ട്രേലിയയിലേക്കു കുടിയേറി. 2012-ലാണ് ചൈനയിലേക്കു തിരിച്ചു ചെല്ലുന്നതും ചാനലില്‍ ചേരുന്നതും. ലോകമെമ്പാടുമുള്ള പ്രമുഖ സി.ഇ.ഒമാരുമായി അഭിമുഖം നടത്തിയാണ് ഷെങ് ലീ ആഗോള പ്രശസ്തി നേടുന്നത്. ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനോടനുബന്ധിച്ചാണ് ഷെങ് തടവിലായത്.
2020 ഓഗസ്റ്റിലാണ് ഷെങ് ലീയെ ചൈനീസ് സര്‍ക്കാര്‍ തടവിലാക്കിയത്. ആദ്യ ഘട്ടത്തില്‍ അഭിഭാഷകനെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വളരെ തന്ത്രപരമായിട്ടായിരുന്നു ചൈനയുടെ നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാര്‍ഹിക നിരീക്ഷണം എന്ന പേരിലായിരുന്നു യുവതിയെ തടവിലാക്കിയത്. പിന്നീട് പുറംലോകവുമായി കാര്യമായ യാതൊരു ബന്ധവും ഉണ്ടായില്ല.
അടുത്ത വ്യാഴാഴ്ച ചൈനീസ് സമയം രാവിലെ ഒന്‍പതു മണിക്ക് ബീജിങ്ങിലെ രണ്ടാം നമ്പര്‍ പീപ്പിള്‍സ് ഇന്റര്‍മീഡിയറ്റ് കോടതിയിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ വിചാരണ വീക്ഷിക്കാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. കഴിഞ്ഞ മേയില്‍ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ മറ്റൊരു ഓസ്‌ട്രേലിയന്‍ പൗരന്‍ വിചാരണ നേരിട്ടിരുന്നു. വിചാരണ വീക്ഷിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഷെങ് ലീക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇതേവരെ വ്യക്തത വരുത്തിയിട്ടില്ല. രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നല്ലാതെ എതൊക്കെ രേഖകളാണ്, വിവരങ്ങളാണ് കൈമാറിയത്, ആര്‍ക്കാണ് കൈമാറിയത് എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും ബിജീങ് കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.
ഷെങ് ലീയുടെ സുഹൃത്തും ബെയ്ജിംഗ് ആസ്ഥാനമായുള്ള ബ്ലൂംബര്‍ഗില്‍ മാധ്യമപ്രവര്‍ത്തകയുമായ ഹേസ് ഫാനും കഴിഞ്ഞ വര്‍ഷം തടവിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ ഒന്നു തന്നെയാണോ എന്നതിനേപ്പറ്റിയും വ്യക്തത വന്നിട്ടില്ല. ഷെങ് ലീയുടെ പത്തു പന്ത്രണ്ടും വയസുള്ള കുട്ടികള്‍ നിലവില്‍ കുടുബാംഗങ്ങള്‍ക്കൊപ്പം മെല്‍ബണിലാണ്.
ഷെങ് ലീയുടെ കാര്യത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കടുത്ത ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചൈന മാധ്യമപ്രവര്‍ത്തകയോട് മാനുഷികമായി പെരുമാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.