കീവ്: റഷ്യ - ഉക്രെയ്ന്‍ യുദ്ധം തുടരുന്നു. ഉക്രെയ്നിനെ രണ്ടായി വിഭജിച്ച് കിഴക്കൻ മേഖലയെ നിയന്ത്രണത്തിലാക്കാൻ റഷ്യ ശ്രമിക്കുന്നതായി ഉക്രെയ്ൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിർലോ ബുധനോവ് പറഞ്ഞു.
അധിനിവേശ തന്ത്രങ്ങളിൽ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും റഷ്യൻ അധിനിവേശ പ്രദേശത്ത് ഉക്രെയ്ൻ ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ യുദ്ധം തുടരുമ്പോഴും ഉക്രെയ്ൻ ശക്തമായ ചെറുത്തുനിൽപിലൂടെ പ്രതിരോധിക്കുകയാണ്.
കിഴക്കൻ ഉക്രെയ്നിലെ റഷ്യൻ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പീപ്പിൾസ് റിപ്പബ്ലിക്കായ ലുഹാൻസ്ക് റഷ്യയുടെ ഭാഗമാകുന്നതിന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് പ്രാദേശിക നേതാവ് ലിയനിഡ് പസെഷിനിക് പറഞ്ഞു. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയും അഭിപ്രായ വോട്ടെടുപ്പിനു ശേഷമാണ് റഷ്യൻ ഫെഡറേഷനിൽ ചേർന്നത്.
ഉക്രെയ്നിന്റെ ഊർജ, ഭക്ഷ്യ കേന്ദ്രങ്ങളെ റഷ്യൻ മിസൈലുകൾ ലക്ഷ്യമിടുന്നതുകൊണ്ട് അവ പ്രതിരോധിക്കുന്നതിന് യുദ്ധവിമാനങ്ങളും മിസൈലുകളും ഉൾപ്പെടെ നൽകി ഉക്രെയ്നെ സഹായിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
യുദ്ധമേഖലയിൽ നിന്ന് ജനങ്ങൾക്കു രക്ഷപ്പെടാൻ രണ്ട് ഇടനാഴി കൂടി തുറക്കാൻ ഇരുരാജ്യങ്ങളും ധാരണയിലായി. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ഇന്നലെ ഉക്രെയ്ൻ ട്രെയിനിൽ യൂറോപ്പിലേക്ക് ഭക്ഷ്യധാന്യങ്ങൾ അയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.