ദേശീയ പണിമുടക്ക്: കേരളത്തില്‍ പൂര്‍ണം, അങ്ങിങ്ങായി അക്രമം; മറ്റു സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണം

ദേശീയ പണിമുടക്ക്: കേരളത്തില്‍ പൂര്‍ണം, അങ്ങിങ്ങായി അക്രമം;  മറ്റു സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണം

ന്യൂഡല്‍ഹി: രാജ്യത്തെ ഇരുപത് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ പൂര്‍ണം. അങ്ങിങ്ങായി അക്രമ സംഭവങ്ങളും അരങ്ങേറി. മറ്റു സംസ്ഥാനങ്ങളില്‍ പണിമുടക്കിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.

ഡല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ചെന്നൈയില്‍ ബസ് ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഡല്‍ഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ്, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളില്‍ സമരം ബാധിച്ചെങ്കിലും പൊതുജന ജീവിതം സാധാരണ നിലയില്‍ തന്നെയായിരുന്നു.

കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ പണിമുടക്കിനോടനുബന്ധിച്ച് നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്. സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്.

സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ബസ് സര്‍വീസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. ആശുപത്രികളിലേക്കും വിമാനത്താവളങ്ങളിലേക്കും കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ സര്‍വീസുകള്‍ മാത്രമാണുണ്ടായിരുന്നത്. ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. ഗ്രാമീണ മേഖലകളില്‍ ഒട്ടുമിക്ക കടകളും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും നഗരങ്ങളില്‍ കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു.


സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ യാത്ര നടത്തിയെങ്കിലും പലയിടങ്ങളിലും സമാരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്രയിലും ജോലിക്കെത്തിയവരെ തടഞ്ഞു. തിരുവനന്തപുരത്ത് തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് അടിച്ചു തകര്‍ത്തു.

കോഴിക്കോട്ട് പോലീസ് നോക്കിനില്‍ക്കെ സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടു. റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയുടെ കാറ്റാണ് അഴിച്ചുവിട്ടത്. കോതമംഗലം പിണ്ടിമന പഞ്ചായത്ത് ഓഫീസ് തുറക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സമര അനുകൂലികള്‍ മര്‍ദിച്ചു. മലപ്പുറം തിരൂരില്‍ രോഗിയുമായി പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ചില അക്രമ സംഭവങ്ങള്‍ ഉണ്ടായി.

തമിഴ്നാട്ടില്‍ പണിമുടക്ക് ബസ് സര്‍വീസുകളെയാണ് കാര്യമായി ബാധിച്ചത്. വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരും സാധാരണക്കാരും ബസ് സ്റ്റാന്‍ഡുകളില്‍ കുടുങ്ങി. തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 33 ശതമാനം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍ പൊതുജന ജീവിതത്തെ പണിമുടക്ക് ബാധിച്ചില്ല. എസ്എസ്എല്‍സി പരീക്ഷ ഇന്നാണ് ആരംഭിച്ചത്. കുട്ടികള്‍ക്ക് സാധാരണ പോലെ തന്നെ സ്‌കൂളുകളിലേക്ക് പോകാനായി. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു.

ഡല്‍ഹിയില്‍ പണിമുടക്ക് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ മാത്രമാണ് ബാധിച്ചത്. രാജ്യ തലസ്ഥാനത്തെ പൊതുമേഖല ബാങ്കുകള്‍ മിക്കതും അടഞ്ഞു കിടന്നു. ഗതാഗതവും കട കമ്പോളങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചു.

പശ്ചിമ ബംഗാളില്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ റെയില്‍, റോഡ് ഉപരോധം നടത്തി. ജാദവ്പുര്‍, ദം ദം, ബറസാത്ത്, ശ്യാംനഗര്‍, ബെല്‍ഗാരിയ, ജോയ്‌നഗര്‍, ദോംജൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടതുപാര്‍ട്ടി പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്കുകളില്‍ പ്രതിഷേധം നടത്തി.

ജാദവ്പൂരില്‍ സമരാനുകൂലികളും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. വിവിധിയിടങ്ങളില്‍ മാര്‍ച്ചും നടത്തി. സംസ്ഥാനത്തിന്റെ മറ്റു ചിലയിടങ്ങളിലും റോഡ് ഉപരോധങ്ങള്‍ നടത്തി. റെയില്‍വേ ട്രാക്കിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറച്ച് സമയം റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു.

സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. പണിമുടക്ക് നടക്കുന്ന ദിവസങ്ങളില്‍ കാഷ്വല്‍ ലീവ് അനുവദിച്ചിട്ടില്ല. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ ഡയസ്‌നോണ്‍ ബാധമാകുമെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പണിമുടക്കിന്റെ ആദ്യ ദിവസം ബംഗാളില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ല.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.