മാര്‍പാപ്പയുടെ ഭരണ പരിഷ്‌കാരങ്ങള്‍ കത്തോലിക്കാ സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കും: അഡ്വ. വി. സി. സെബാസ്റ്റ്യന്‍

മാര്‍പാപ്പയുടെ ഭരണ പരിഷ്‌കാരങ്ങള്‍ കത്തോലിക്കാ സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കും: അഡ്വ. വി. സി. സെബാസ്റ്റ്യന്‍

കൊച്ചി: ആഗോള കത്തോലിക്കാ സഭയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണ രേഖകളും സഭയില്‍ അല്‍മായ പങ്കാളിത്തം കൂടുതല്‍ ശക്തവും സജീവവുമാക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു. എല്ലാ വ്യക്തി സഭകള്‍ക്കും പുതിയ മാറ്റങ്ങള്‍ അല്‍മായ ശാക്തീകരണത്തിന് കൂടുതല്‍ പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക സഭയുടെ ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചുപണിയാണ് 'പ്രെഡിക്കാത്തേ എവാഞ്ചലിയം' അഥവാ 'സുവിശേഷ പ്രഘോഷണം' എന്ന പുത്തന്‍ ഭരണരേഖയിലൂടെ മാര്‍പാപ്പാ ലക്ഷ്യമിട്ടിരിക്കുന്നത്. സഭാഭരണ സംവിധാനങ്ങളുടെ വിവിധ തലങ്ങളിലും വേദികളിലും അല്‍മായ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്ന മാര്‍പാപ്പയുടെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും കൂടുതല്‍ ഉണര്‍വേകുന്നതാണ്. 

മാമ്മോദീസാ സ്വീകരിച്ച് സഭാവിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളില്‍ പ്രഗല്‍ഭരും അറിവും പഠനവും നേതൃത്വപാടവവും വിശ്വാസ തീക്ഷ്ണതയുമുള്ളവരും വനിതകളും ഉള്‍പ്പെടെ ഏതൊരു കത്തോലിക്കാ വിശ്വാസിക്കും ആഗോള കത്തോലിക്കാ സഭയുടെ ഭരണസിരാകേന്ദ്രത്തിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃസ്ഥാനം ഭാവിയില്‍ ഏറ്റെടുക്കാനാവും.

2013 മാര്‍ച്ച് 13ന് മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഫ്രാന്‍സീസ് പാപ്പാ 2015 ഒക്ടോബര്‍ നാലു മുതല്‍ 25 വരെ കുടുംബത്തെക്കുറിച്ചും 2018 ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെ യുവജനങ്ങളെക്കുറിച്ചും സിനഡുകള്‍ വിളിച്ചു ചേര്‍ത്തിരുന്നു. 2023 ഒക്ടോബറില്‍ ദൈവജനത്തെ ഒന്നാകെ ഉള്‍ക്കൊണ്ട് സിനഡാത്മക സഭാ സിനഡ് പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇവയെല്ലാം അല്‍മായ വിശ്വാസ സമൂഹത്തിന് കത്തോലിക്കാ സഭയിലുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ഭാരത വിശ്വാസി സമൂഹത്തിനും ഏറെ പ്രതീക്ഷകളും പ്രചോദനങ്ങളും നൽകുന്നതാണെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.