അറിയാം, മാവിലയുടെ ഔഷധ ഗുണങ്ങള്‍..!

അറിയാം, മാവിലയുടെ ഔഷധ ഗുണങ്ങള്‍..!

മാവിലയുടെ ഒഷധഗുണങ്ങള്‍ പണ്ട് കാലം മുതല്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്. പ്രത്യേകിച്ച് ദന്ത സംരക്ഷണത്തിന്. മലയാളികള്‍ രാവിലെ പല്ലുതേപ്പിന് മാവില ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ടൂത്ത് പേസ്റ്റുകള്‍ വിപണി കീഴടക്കുന്നതിന് മുന്‍പ് മിക്ക ആളുകളും മാവിലയെ ആശ്രയിച്ചിരുന്നു. ഈയൊരു സാഹചര്യത്തില്‍ മാവിലയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിയാം.

മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് എന്നും തണലായി നിലകൊള്ളുന്ന ഫലവൃക്ഷങ്ങളില്‍ പ്രധാനിയാണ് മാവ്. ഫല വൃക്ഷവും ഔഷധ വൃക്ഷവും എന്ന നിലയില്‍ പൂര്‍വികര്‍ പ്രമുഖ സ്ഥാനമാണ് മാവിന് നല്‍കിയിരുന്നത്. പറമ്പ് നിറയെ പലതരം മാവുകള്‍ തലമുറകള്‍ക്കായി അവര്‍ നട്ടുവളര്‍ത്തി. കാലമെത്ര കഴിഞ്ഞാലും മുറ്റവും പടര്‍ന്നു പന്തലിച്ച മാവും മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളിലെ നിത്യ ഹരിതക്കാഴ്ചകളിലൊന്നാണ്. മാമ്പഴക്കാഴ്ച്ചകള്‍ക്കും അപ്പുറം മാവ് മനുഷ്യനുമായി അത്രമേല്‍ ഇണങ്ങി നില്‍ക്കുന്നു.

മാവിലയും പല്ല് തേപ്പും

മാവില മാത്രം ഉപയോഗിച്ചുള്ള പല്ല് തേപ്പ് ദിനചര്യയുടെ ഭാഗമായി കേരളത്തില്‍ മുമ്പ് നിലനിന്നിരുന്നു. നാട്ടിന്‍ പുറങ്ങളില്‍ ഇന്നും പല്ല് വെടിപ്പാക്കാന്‍ മാവില ഉപയോഗിക്കുന്നവരുണ്ട്. പഴുത്ത മാവില കൊണ്ട് പല്ല് തേച്ചാല്‍ പുഴുത്ത പല്ലും നവരത്‌നമാകും എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇന്ന് മാര്‍ക്കറ്റില്‍ പല്ലിന് ശോഭ പകരുന്ന പല ചൂര്‍ണ്ണങ്ങളിലും മാവില ഘടകമാണ്. പല്ലിന് മാത്രമല്ല മോണ രോഗങ്ങള്‍, അരുചി, പ്രമേഹം, രക്ത സമ്മര്‍ദം, ഛര്‍ദി, ചര്‍മ രോഗങ്ങള്‍, അതിസാരം, പൊള്ളല്‍, അള്‍സര്‍, ചെവി വേദന ഇവയിലെല്ലാം മുറ്റത്തെ മാവില നല്ല ഫലം തരുന്നു.

ശരീരത്തിന് ഗുണകരമായ നിരവധി ഘടകങ്ങള്‍ മാവിലയില്‍ അടങ്ങിയിട്ടുണ്ട്. മാംഗിഫെറിന്‍ ( Mangiferin)എന്ന ഘടകം മാവിലയില്‍ സമൃദ്ധമാണ്. പോളിഫി നോള്‍സ്, ടെര്‍പെനോയ്ഡ്സ്, ഇരുമ്പ്, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, ജീവകങ്ങളായ എ,ബി,സി,ഇ ഇവയാണ് മറ്റ് ഘടകങ്ങള്‍.
മാവിന്റെ തളിര്, മൂപ്പെത്തിയ ഇലകള്‍, പഴുത്ത ഇലകള്‍, ഇലഞെട്ട്, ഇവയെല്ലാം ആയുര്‍വേദത്തില്‍ ഔഷധമാക്കാറുണ്ട്. ആമ്ര പല്ലാവാദി കഷായം, ജംബാമ്രപല്ലവാദി കഷായം ഇവയിലെലാം മാവില പ്രധാന ഘടകമാണ്.

തളിരില

പത്ത് ഗ്രാം മാവിന്റെ തളിരില രണ്ട് കുരുമുളക് മണിയും ചേര്‍ത്ത് ചതച്ചു കഴിക്കുന്നത് ദഹനക്കേട് മൂലമുള്ള ഛര്‍ദി, വയറു വേദന, അതിസാരം ഇവയ്ക്ക് ഗുണം ചെയ്യും. മാവിന്റെ തളിരില പിഴിഞ്ഞ നീര് 10 മില്ലിലിറ്റര്‍ സമം തേനും ചേര്‍ത്ത് കഴിക്കുന്നത് ഛര്‍ദ്ദി അകറ്റും.

മൂപ്പെത്തിയ ഇലകള്‍

മൂപ്പെത്തിയ വൃത്തിയാക്കിയ രണ്ട് മാവിലകള്‍ രണ്ട് ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ രാത്രിയില്‍ ഇട്ട് വെച്ച് രാവിലെ അരിച്ചു കുടിക്കുന്നത് പ്രമേഹരോഗിക്ക് ഗുണകരമാണ്. ആഴ്ചയില്‍ രണ്ട് തവണ ഈ പാനീയം കഴിക്കാം.

മൂപ്പെത്തിയ മാവിലകളും സമം ഞാവലിന്റെ ഇലകളും, മഞ്ഞളും അല്‍പ്പം ശര്‍ക്കരയും തൈരിന്‍ വെള്ളത്തില്‍ അരച്ച് പുരട്ടുന്നത് കരപ്പനും തൊലിയിലെ പാടുകളും നീക്കും. ചുമയും ശ്വാസം മുട്ടലും ഉള്ളപ്പോള്‍ മൂപ്പെത്തിയ മാവില രണ്ടെണ്ണം ചേര്‍ത്ത് ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് ആശ്വാസം പകരും. ഇത് കുട്ടികള്‍ക്കും നല്‍കാം. ചുമയുള്ളപ്പോള്‍ രണ്ട് നേരം മാത്രമാണിത് ഉപയോഗിക്കേണ്ടത്.

പഴുത്തിലകള്‍

പത്ത് ഗ്രാം മാവിന്റെ പഴുത്തിലകള്‍ വൃത്തിയാക്കി അര ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ഏലക്കയും ചേര്‍ത്ത് തിളപ്പിച്ച് കഴിക്കുന്നത് അതിവേഗം ക്ഷീണമകറ്റും. ഒപ്പം ഒരു ഗ്ലാസ് പാല്‍ ചേര്‍ത്ത് തിളപ്പിച്ചും കഴിക്കാം. മാവിന്റെ പഴുത്തില രണ്ടോ മൂന്നോ എണ്ണം കീറിയിട്ട് അര ലിറ്റര്‍ വെള്ളം തിളപ്പിച്ച് കവിള്‍ക്കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റും. മോണ രോഗത്തിന് ശമനമേകും. മാവിന്റെ പഴുത്തില ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദന അകറ്റും.

ഉണങ്ങിയ മാവിലകള്‍

ഉണക്കിയ മാവിലകള്‍ പൊടിച്ചു വയ്ക്കുക. ഈ പൊടി ഒരു ചെറിയ സ്പൂണ്‍ ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അതിസാര രോഗിക്ക് ഫലപ്രദമാണ്. ദിവസം മൂന്ന് തവണ കഴിക്കാം. ഉണങ്ങിയ മാവില കത്തിച്ചെടുത്ത ഭസ്മം നേര്‍മ്മയായി പുരട്ടുന്നത് പൊള്ളലിന് ഫലപ്രദമാണ്.
മാവിലയ്ക്ക് പുറമെ മാമ്പൂവ്, വിത്ത്, പച്ചമാങ്ങ, ഉണക്കിയെടുത്ത പച്ചമാങ്ങ, പഴുത്ത മാങ്ങ, വേര് ഇവയെല്ലാം ആയുര്‍വേദം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ മാവില്‍ നിന്ന് പഴുത്തത്, പറിച്ചു വെച്ച് പഴുത്തത്, ഉണക്കിയെടുത്തത്, പാലിനൊപ്പം വേവിച്ചത് എന്നിങ്ങനെ മാങ്ങയുടെ വിശേഷഗുണങ്ങളും പറയുന്നു. മാവില്‍ പറ്റിപ്പിടിച്ച് വളരുന്ന ഇത്തിളിനെയും ആയുര്‍വേദത്തില്‍ ഔഷധമാക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.