'ഒന്ന് മുട്ടി വിളിച്ചിരുന്നെങ്കില്‍...'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊച്ചിയിലെ വിചിത്രമായ ടാറിംങ്, ഒടുവില്‍ പരിഹാരം

'ഒന്ന് മുട്ടി വിളിച്ചിരുന്നെങ്കില്‍...'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊച്ചിയിലെ വിചിത്രമായ ടാറിംങ്, ഒടുവില്‍ പരിഹാരം

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലെ അത്യപൂര്‍വ്വ ടാറിംങ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അത്രയ്ക്കും അത്യപൂര്‍വ്വമായിരുന്നു ടാറിംങ്. വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളെയൊന്നും ശല്യം ചെയ്യാതെ അവ കിടന്ന ഭാഗം ഒഴിവാക്കിയായിരുന്നു വിചിത്രമായ ടാറിംങ്.

റോഡില്‍ ടാറിടാനെടുത്ത കോണ്‍ട്രാക്ടില്‍ കാറിനടിയിലും ഇടണമെന്ന് പറഞ്ഞിരുന്നില്ലല്ലോയെന്ന് പണിയെടുത്തവര്‍ ചോദിച്ചാല്‍ പണി പാളും? അങ്ങനെയൊക്കെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നെങ്കിലും എല്ലാത്തിനും ഒടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിഹാരം കണ്ടു.

ആയുധങ്ങളുമെടുത്ത് വീണ്ടും പണിക്കിറങ്ങി ശരിയാക്കാന്‍ ഉത്തരവ് വന്നതോടെ പിന്നെയെല്ലാം ശരവേഗത്തിലായിരുന്നു. കോര്‍പറേഷന്‍ ഇടപെട്ടൂ, മേയര്‍ അടിയന്തര നിര്‍ദേശം നല്‍കി. അങ്ങനെ കുഴിയടക്കാന്‍ വീണ്ടും കോണ്‍ട്രാക്ടറും പണിക്കാരുമെത്തി, കാറുകള്‍ മാറ്റുന്നു. അതു കിടന്നുണ്ടായ കുഴിയടക്കുന്നു. എന്നാലും ആദ്യ ടാറിംങിനെക്കുറിച്ചുള്ള അമ്പരപ്പ് മാത്രം അവസാനിക്കില്ലായിരിക്കും.

ആദ്യ ടാറിംങ് സമയത്ത് രണ്ട് സൈഡിലുമായി കിടന്നത് രണ്ട് കാറുകളടക്കം നാലുവാഹനങ്ങള്‍ മാത്രമായിരുന്നു. ഈ നാല് വാഹനങ്ങളെയും അതിന്റെ ഉടമസ്ഥരെയും വിഷമിപ്പിക്കാനൊന്നും പണിക്കാര്‍ തയ്യാറായില്ല. വര്‍ഷങ്ങളായി അവിടെ കിടന്നിരുന്ന വണ്ടികളാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. അടുത്തുള്ള താമസക്കാര്‍ പാര്‍ക്ക് ചെയ്തതാണ്. വാതിലിലൊന്ന് മുട്ടി വിളിച്ച് വണ്ടി മാറ്റാമോ എന്ന് ചോദിച്ചാല്‍ അത്യപൂര്‍വ്വ ടാറിംഗ് വേണ്ടിവരില്ലായിരുന്നെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

പക്ഷെ പണിക്കാര്‍ അതിനൊന്നും നിന്നില്ല. കാറ് കിടന്ന സ്ഥലമങ്ങ് വിട്ട് പണി തീര്‍ത്താല്‍ എല്ലാവര്‍ക്കും എളുപ്പമാണല്ലോ എന്ന് കരുതി. മാറ്റിയിടാനൊന്നും മെനക്കെട്ടില്ല. വാഹനങ്ങള്‍ക്ക് ചുറ്റും ടാറിട്ട് പണി തീര്‍ത്ത് പോയി. വണ്ടി കിടന്നിടത്തൊക്കെ ഓരോ ചതുരക്കുഴികള്‍.

ഈ ചിത്രങ്ങള്‍ വൈറലായതോെ കോര്‍പ്പറേഷന്‍ വീണ്ടും അരയും തലയും മുറുക്കി രംഗത്തെത്തിയത്. കാറ് കിടന്നിടത്തെല്ലാം ടാറ് ചെയ്യിച്ചിട്ടേ കരാറുകാരനെ കോര്‍പ്പറേഷന്‍ വിട്ടുള്ളു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.