പാകിസ്ഥാന്‍: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് മൂന്നിന്; കൂറുമാറിയവര്‍ തിരിച്ചു വരുമെന്ന് ആഭ്യന്തര മന്ത്രി

 പാകിസ്ഥാന്‍: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് മൂന്നിന്; കൂറുമാറിയവര്‍ തിരിച്ചു വരുമെന്ന് ആഭ്യന്തര മന്ത്രി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ ഏപ്രില്‍ മൂന്നിന് വോട്ടെടുപ്പ് നടക്കും. ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ നാളെ ചര്‍ച്ച ആരംഭിച്ച് ഞായറാഴ്ച വോട്ടിനിടും.

ഭരണപക്ഷത്തു നിന്നു കൂറുമാറിയ പാര്‍ട്ടികളെല്ലാം തിരിച്ചുവരുമെന്നും ഇമ്രാന്‍ സര്‍ക്കാര്‍ അവിശ്വാസത്തെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ നാലു ഭീകരരെ യഥാസമയം അറസ്റ്റ് ചെയ്തതിനാല്‍ നഗരത്തില്‍ വന്‍ ദുരന്തം ഒഴിവായതായും മന്ത്രി പറഞ്ഞു. ഭരണസഖ്യം ഞായറാഴ്ചയും സംയുക്ത പ്രതിപക്ഷ സഖ്യം തിങ്കളാഴ്ചയും നഗരത്തില്‍ ശക്തി പ്രകടനം നടത്തിയിരുന്നു.

സര്‍ക്കാരിനെ താഴെയിറക്കുമെന്നു പ്രധാന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) നേതാക്കള്‍ റാലിയില്‍ പ്രതിജ്ഞയെടുത്തു. ഇമ്രാന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പിഎംഎല്‍(ക്യു) പാക് പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റിയതിനെ തുടര്‍ന്നു വീണ്ടും പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐക്ക് 155 അംഗങ്ങളാണുള്ളത്. എട്ട് സഖ്യകക്ഷികളുടെ പിന്തുണയോടെയാണു ഭരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.