രോഹിത് ബാനു മറക്കില്ല ആ നിമിഷം... അച്ഛനെ തിരികെ കിട്ടിയ സുന്ദര നിമിഷം

രോഹിത് ബാനു മറക്കില്ല ആ നിമിഷം... അച്ഛനെ തിരികെ കിട്ടിയ സുന്ദര നിമിഷം

ഇടുക്കി: ഇരുപതുകാരനായ രോഹിത് ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ആ സുന്ദര നിമിഷത്തിനായിരുന്നല്ലോ അവന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി അലഞ്ഞത്. ഏഴ് വര്‍ഷം മുമ്പ് കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലായിരുന്നു മഹാരാഷ്ട്ര സ്വദേശി രോഹിത് ബാനു.

അവസാനം നാട്ടില്‍ നിന്ന് ഏറെ അകലെ കേരളത്തില്‍ അച്ഛനെ കണ്ടെത്തിയപ്പോള്‍ രോഹിതിന് കണ്ണീരടക്കാനായില്ല. ഇരുപതുവയസുള്ള മകനെ അച്ഛന്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. പിന്നെ മാറോടണച്ചു. ഇരുവരും വിതുമ്പി. പിതാവിനെ കാണാതാകുമ്പോള്‍ രോഹിതിന് 13 വയസായിരുന്നു. അന്നുമുതല്‍ ഇന്നുവരെ അവന്‍ അച്ഛന്റെ ഫോട്ടോയുമായി അദ്ദേഹത്തെ തേടുകയായിരുന്നു.

ഏഴുവര്‍ഷം മുന്‍പ് വീട് വിട്ടുപോന്ന മഹാരാഷ്ട്ര സ്വദേശി ചന്ദ്രബാനു (45)വിനെ തോപ്രാംകുടിയിലെ അസീസി സ്നേഹ സദനില്‍ നിന്നാണ് രോഹിതിന് തിരികെ കിട്ടിയത്. മാനസികവെല്ലുവിളിയുള്ള ചന്ദ്രബാനവിനെ ഒരു ദിവസം വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാര്‍ പോലീസാണ് മൂന്നുവര്‍ഷം മുന്‍പ് തോപ്രാംകുടി സ്നേഹ സദനില്‍ എത്തിച്ചത്.

കാണാതായതിനെത്തുടര്‍ന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതിയോടൊപ്പം അച്ഛന്റെ ഫോട്ടോയും മകന്‍ നല്‍കിയിരുന്നു. അടുത്ത കാലത്ത് വീണ്ടും മഹാരാഷ്ട്ര പോലീസ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചപ്പോഴാണ് കാഞ്ഞാര്‍ സ്റ്റേഷനില്‍ നിന്നും ഇതേ ഫോട്ടോ കിട്ടിയത്. തുടര്‍ന്ന് മകനെ വിവരമറിയിക്കുകയായിരുന്നു.

അച്ഛനെ കൂട്ടിക്കൊണ്ടുപോകാന്‍ രണ്ട് സുഹൃത്തുക്കളുമൊത്താണ് രോഹിത് ബാനു എത്തിയത്. വീട്ടില്‍ അമ്മയും ഇളയ സഹോദരിയും അച്ഛനെ കാണാന്‍ കാത്തിരിക്കുകയാണന്ന് രോഹിത് പറഞ്ഞു. മൂന്നുവര്‍ഷമായി സ്നേഹ സദനില്‍ കഴിഞ്ഞ ചന്ദ്രബാനുവിനെ സിസ്റ്റര്‍മാരും മറ്റ് അന്തേവാസികളും ചേര്‍ന്ന് സ്നേഹത്തോടെ യാത്രയാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.