സിബിഐയും ചോദിക്കുന്നു... ജെസ്‌നേ നീ എവിടെ?.. കാണാതായിട്ട് നാല് വര്‍ഷം കഴിഞ്ഞു

സിബിഐയും ചോദിക്കുന്നു... ജെസ്‌നേ നീ എവിടെ?.. കാണാതായിട്ട് നാല് വര്‍ഷം കഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന എന്ന ജെസ്‌ന മരിയ ജെയിംസിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് നാല് വര്‍ഷം കഴിഞ്ഞു. 2018 മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ചില സൂചനകള്‍ ലഭ്യമായതല്ലാതെ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായില്ല.

ഈ സാഹചര്യത്തില്‍ ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും 2021 ഫെബ്രുവരിയില്‍ സിബിഐ കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ സിബിഐ പുറത്തിറക്കിയ പുതിയ നോട്ടീസിലൂടെ ജെസ്‌ന എന്ന ഇരുപത്തിമൂന്നുകാരി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ജസ്നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളും അടയാളങ്ങളും അടക്കമാണ് നോട്ടീസ്.

വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചുരുണ്ട മുടി, 149 സെന്റീ മീറ്റര്‍ ഉയരം, നെറ്റിയുടെ വലതു വശത്ത് കാക്കപ്പുള്ളി, കണ്ണടയും പല്ലില്‍ കമ്പിയും. ഇതാണ് ജെസ്നയെ കുറിച്ചുള്ള സിബിഐ നോട്ടീസിലെ വിശദാംശങ്ങള്‍. കേസില്‍ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ജെസ്ന ജീവനോടെയുണ്ടെന്ന നിഗമനമാണ് പങ്കു വച്ചത്.

തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ജെസ്നയെ തീവ്രവാദികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് എഫ്ഐആറില്‍ സിബിഐ പറയുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ ജെസ്‌ന മംഗലാപുരത്തെ മുസ്ലീം മതപഠന കേന്ദ്രത്തിലുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. ഇതിനിടെ ജെസ്‌നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ നാലിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ടധര്‍ണയും വിശദീകരണ യോഗവും സംഘടിപ്പിച്ചിരുന്നു.

പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു. മൂത്ത സഹോദരി ജെഫിമോള്‍. സഹോദരന്‍ ജെയ്സ്. ജെസ്‌നയെ കാണാതാകുന്നതിന് എട്ടു മാസം മുന്‍പാണ് അമ്മ മരിച്ചത്.

മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്നും 2018 മാര്‍ച്ച് 22ന് രാവിലെ പിതൃ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിയെ പിന്നീട് ഇതുവരെ കണ്ടെത്താനായില്ല.

വീട്ടില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയില്‍ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. എരുമേലി വഴി പോകുന്ന സ്വകാര്യ ബസില്‍ ജെസ്ന കയറിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്. പിന്നീട് സിബിഐ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം തുടരുമ്പോഴും ജെസ്‌ന ഇപ്പോഴും കാണാമറയത്താണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.