കോവിഡില്‍ തകര്‍ന്ന വിദ്യാഭ്യാസം; 23 രാജ്യങ്ങളില്‍ ഇനിയും വിദ്യാലയങ്ങള്‍ പൂര്‍ണമായി തുറന്നിട്ടില്ലെന്ന് യുനിസെഫ്

കോവിഡില്‍ തകര്‍ന്ന വിദ്യാഭ്യാസം; 23 രാജ്യങ്ങളില്‍ ഇനിയും വിദ്യാലയങ്ങള്‍ പൂര്‍ണമായി തുറന്നിട്ടില്ലെന്ന് യുനിസെഫ്

കോവിഡ് രോഗ വ്യാപനം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 23 രാജ്യങ്ങളില്‍ ഇനിയും വിദ്യാലയങ്ങള്‍ പൂര്‍ണമായി തുറന്നിട്ടില്ലെന്ന് യുനിസെഫ്. ഇതിന്റെ ഫലമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 405 ദശലക്ഷം കുട്ടികള്‍ക്ക് പഠനം കൃത്യമായി ലഭിക്കുന്നില്ലെന്നും പലരും പഠനം ഉപേക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.
'കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ പഠിക്കുന്നുണ്ടോ' എന്ന വിഷയത്തില്‍ 32 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 147 ദശലക്ഷത്തില്‍ പരം കുട്ടികളില്‍ പകുതിയില്‍ കൂടുതല്‍ കുട്ടികള്‍ക്കും പഠനം നഷ്ടമായതായി റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല വിദ്യാലയങ്ങള്‍ തുറന്നിട്ടും അനേകം കുട്ടികള്‍ തിരികെയെത്തിയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

2020 ഡിസംബറില്‍ വിദ്യാലയങ്ങള്‍ തുറന്ന ശേഷം ലൈബീരിയയില്‍ 43 ശതമാനം വിദ്യാര്‍ത്ഥികള്‍ തിരികെയെത്തിയില്ല. ദക്ഷിണാഫ്രിക്കയില്‍ ഇത് 250,000ല്‍ നിന്ന് 750,000 ആയി വര്‍ധിച്ചു. 2022 ജനുവരിയില്‍ സ്‌കൂള്‍ തുറന്ന ശേഷം പത്തില്‍ ഒരു വിദ്യാര്‍ത്ഥി ഉഗാണ്ടയില്‍ തിരികെയെത്തിയില്ല.

2020-21നും ഇടയില്‍ മലാവിയില്‍ പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നതിന്റെ നിരക്ക് 48 ശതമാനമായി വര്‍ധിച്ചു. കെനിയയില്‍ 16 ശതമാനം പെണ്‍കുട്ടികളും എട്ട് ശതമാനം ആണ്‍കുട്ടികളും പഠനം നിര്‍ത്തി. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം വളരെ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. അടിസ്ഥാനപരമായി വായന വൈദഗ്ദ്ധ്യം നേടിയെടുക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും വേണ്ടി വരും.

സംഖ്യകള്‍ പഠിക്കാനും എണ്ണാനും മറ്റും കുറഞ്ഞത് 11 വര്‍ഷമെങ്കിലും ആവശ്യമായി വരും. പലയിടങ്ങളിലും കുട്ടികള്‍ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും നേടിയെന്ന് ഉറപ്പിക്കാനാകില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.