വെള്ളയും പച്ചയും പര്‍പ്പിളും മഞ്ഞയും നിറത്തില്‍ വ്യത്യസ്തങ്ങളായ വഴുതനകൾ മാർക്കറ്റിൽ സുലഭമാണ്. നമുക്ക് എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരിനമാണ് വഴുതന. വിവിധ തരത്തിലുള്ള ചെടികള്‍ വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള കായകള്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ട് രസകരമായി വളര്‍ത്താവുന്ന പച്ചക്കറിയാണിത്.
തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ വീടിന്റെ ടെറസിലും മറ്റും പാത്രങ്ങളിലും ചട്ടികളിലും വളര്‍ത്തി വിളവെടുക്കാവുന്ന പച്ചക്കറിയാണ് വഴുതന. വളരാന്‍ നല്ല സ്ഥലം ഒരുക്കിയാല്‍ മാത്രം മതി. വളരെ ചെറിയ ചെടിയായി വളര്‍ത്താവുന്ന ഹൈബ്രിഡ് ഇനങ്ങളും ലഭ്യമാണ്.
രണ്ട് തരത്തില്‍ പാത്രങ്ങളില്‍ വളര്‍ത്താം. വിത്തുകള്‍ ഉപയോഗിച്ച് വഴുതന വളര്‍ത്തുന്നതാണ് ഒരു രീതി. മാര്‍ക്കറ്റില്‍ നിന്നോ ഓണ്‍ലൈന്‍ വഴിയോ വിത്തുകള്‍ വാങ്ങാം. പാത്രങ്ങളില്‍ വിത്ത് വിതച്ച് വളര്‍ത്തിയെടുക്കാം.
വിത്ത് മുളപ്പിക്കാനായി ട്രേകളില്‍ വിതയ്ക്കുമ്പോള്‍ ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം പതിക്കരുത്. മുഴുവന്‍ തണലത്താണ് വളര്‍ത്തുന്നതെങ്കില്‍ ശരിയായ വളര്‍ച്ച നടക്കാതെ വരുമ്പോള്‍ മൂന്ന് മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് പാത്രം മാറ്റി വെച്ചാല്‍ മതി.
അമിതമായി നനച്ചാലും കുറച്ച് വെള്ളം കൊടുത്താലും ചെടി നശിച്ചുപോകും. നല്ല നീര്‍വാര്‍ച്ചയുള്ളതും പെട്ടെന്ന് വരണ്ടു പോകാത്തതുമായ മണ്ണാണ് ആവശ്യം. മണ്ണും മണലും കമ്പോസ്റ്റും അടങ്ങിയ മണ്ണില്‍ 5:10:5 എന്ന അളവില്‍ നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും ചേര്‍ത്ത് കൃഷി ചെയ്യുന്നതാണ് നല്ലത്. മണ്ണിന്റെ പി.എച്ച് മൂല്യം 6.3 -യ്ക്കും 6.8 -നും ഇടയിലായിരിക്കണം.
വഴുതനച്ചെടിക്ക് വളരാന്‍ ധാരാളം സ്ഥലം നല്‍കണം. 30 സെ.മീ അകലം നല്‍കി മാത്രമേ ചെടികള്‍ വളര്‍ത്താവൂ. 20 ലിറ്റര്‍ ഭാരം താങ്ങാന്‍ കഴിവുള്ള പാത്രമായിരിക്കണം എടുക്കേണ്ടത്. പ്ലാസ്റ്റിക് ബക്കറ്റ്, കളിമണ്‍ പാത്രങ്ങള്‍ എന്നിവയും ഉപയോഗിക്കാം.
നഴ്‌സറിയില്‍ നിന്നോ പച്ചക്കറികള്‍ വളര്‍ത്തുന്നവരില്‍ നിന്നോ തൈകള്‍ വാങ്ങി നടുന്നതാണ് താരതമ്യേന എളുപ്പമുള്ള വഴി. പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി കുമിള്‍ രോഗങ്ങളും ബാക്റ്റീരിയ കാരണമുള്ള അസുഖങ്ങളും വരില്ലെന്ന് ഉറപ്പാക്കണം. പാത്രത്തില്‍ മണ്ണും ചാണകപ്പൊടിയും ചേര്‍ന്ന പോട്ടിങ്ങ് മിശ്രിതം നിറച്ച് തൈകള്‍ നടാം. ആറോ ഏഴോ മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കണം. വേനല്‍ക്കാലത്ത് ദിവസത്തില്‍ മൂന്ന് പ്രാവശ്യം നനയ്ക്കുന്നത് നല്ലതാണ്.
70 ദിവസങ്ങള്‍ക്ക് ശേഷമാണ് വിളവെടുപ്പിന് പാകമാകുന്നത്. വഴുതന പാകമായോ എന്നറിയാന്‍ മൃദുവായി അമര്‍ത്തി നോക്കുക. നിങ്ങളുടെ വിരലടയാളം കായയില്‍ കാണുകയും വളരെ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലേക്ക് വരികയും ചെയ്യുകയാണെങ്കില്‍ വിളവെടുപ്പിന് പാകമായെന്നര്‍ഥം. തണുത്ത കാലാവസ്ഥയുള്ള സ്ഥലത്തോ ഫ്രിഡ്ജിലോ മാത്രമേ വിളവെടുത്ത വഴുതന സൂക്ഷിക്കാവൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.