ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരുടെ നിയമനരീതി മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. സിപിഎം അംഗം ഡോ. വി ശിവദാസനാണ് ബില്ല് അവതരിപ്പിച്ചത്. ജനപ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം.
ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. കേരളത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം.
നിയമനത്തിന് പുറമേ ഗവര്‍ണര്‍മാരുടെ കാലാവധി, സ്ഥലം മാറ്റം എന്നിവയില്‍ ഭേദഗതികള്‍ വരുത്തണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ഗവര്‍ണര്‍മാരെ നിയമിക്കുന്ന സമ്പ്രദായത്തിനുപകരം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.
നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ചേര്‍ന്നായിരിക്കണം ഗവര്‍ണറെ തിരഞ്ഞെടുക്കേണ്ടത്.
കാലാവധി അഞ്ചു വര്‍ഷമായിരിക്കണം. ഗവര്‍ണര്‍മാര്‍ക്കെതിരായ അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ ഹാജരാകുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ അതിനെ പിന്തുണയ്‌ക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരള ഗവര്‍ണര്‍ ആരിഫ് ഖാനും സര്‍ക്കാരും തമ്മിലുള്ള പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. തന്റെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും ശക്തമായി പ്രതിഷേധിച്ചതും വിവാദങ്ങളുടെ ആക്കം കൂട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.