ഫിലിപ്പ് മാര്‍ട്ടിന്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ചത് മധുരയില്‍ നിന്ന് മോഷ്ടിച്ച തോക്ക്; ഉടമയായ മധുര സ്വദേശി മൂലമറ്റത്ത്

ഫിലിപ്പ് മാര്‍ട്ടിന്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ചത് മധുരയില്‍ നിന്ന് മോഷ്ടിച്ച തോക്ക്; ഉടമയായ മധുര സ്വദേശി മൂലമറ്റത്ത്

ഇടുക്കി: മൂലമറ്റത്ത് ബസ് കണ്ടക്ടറെ വെടിവച്ചു കൊന്ന കേസില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ച തോക്കിന്റെ കാര്യത്തില്‍ ട്വിസ്റ്റ്. ഇടുക്കി സ്വദേശിയായ കൊല്ലനെ കൊണ്ട് പണിയിച്ച തോക്കാണെന്ന പ്രതി ഫിലിപ്പിന്റെ വാദം കള്ളമാണെന്ന് തെളിയിച്ച് യഥാര്‍ത്ഥ ഉടമ രംഗത്ത്. തമിഴ്‌നാട് മധുര സ്വദേശി രവീന്ദ്രന്‍ എന്നയാളാണ് പോലീസിനെ സമീപിച്ചത്.

തമിഴ്നാട്ടില്‍ ലൈസന്‍സ് ലഭിച്ച് ഉപയോഗിച്ചിരുന്ന തോക്ക് 2020 ഡിസംബര്‍ 29 ന് രവീന്ദ്രന്റെ വീട്ടില്‍ നിന്നു കളവു പോവുകയായിരുന്നു. ഒപ്പം 60 പവന്‍ സ്വര്‍ണവും 25,000 രൂപയും മോഷണം പോയി. മധുര സിറ്റി പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു. മൂലമറ്റം വെടിവയ്പ്പ് കേസിന്റെ വാര്‍ത്തയും തോക്കിന്റെ ചിത്രവും തമിഴ് പത്രങ്ങളിലും വാര്‍ത്തയായിരുന്നു. ഇതു കണ്ട് സംശയം തോന്നിയ രവീന്ദ്രന്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

15 ഇഞ്ചിന്റെ രണ്ടു ഭാഗങ്ങളായി മടക്കി വയ്ക്കാവുന്ന 30 ഇഞ്ച് ഡബിള്‍ ബാരല്‍ 7145 നമ്പര്‍ തോക്കാണ് മോഷണം പോയത്. ഇ.ജെ. ചര്‍ച്ചില്‍ ലെസൈറ്റര്‍ സ്‌ക്വയര്‍ ലണ്ടന്‍ എന്ന് തോക്കില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്. കാഞ്ഞാര്‍ പോലീസ് പിടിച്ചെടുത്ത തോക്കിലും സമാന അടയാളമുണ്ട്. തോക്കിന്റെ നമ്പറും ഒന്നാണ്. അതുകൊണ്ട് തന്നെ മോഷണ മുതലാണ് തോക്കെന്ന് പോലീസ് ഏതാണ് ഉറപ്പിച്ചിട്ടുണ്ട്.

തോക്കിന്റെ യഥാര്‍ത്ഥ ഉടമ എത്തിയെങ്കിലും ഈ തോക്ക് എങ്ങനെയാണ് ഫിലിപ്പിന്റെ കൈയില്‍ എത്തിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഫിലിപ്പ് മധുരയില്‍ താമസിച്ചിട്ടുണ്ടോ, അവിടെ സുഹൃത്തുക്കളുണ്ടോ എന്ന കാര്യങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതി ഫിലിപ്പിന്റെ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ചും പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ 26ന് രാത്രിയാണ് തട്ടുകടയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്റെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനല്‍ മരിച്ചത്. തട്ടുകടയിലെത്തി ബീഫ് കിട്ടിയില്ലെന്ന കാരണത്താല്‍ പ്രതി ഫിലിപ്പ് നാട്ടുകാരെ ചീത്ത വിളിച്ചതോടെ തുടങ്ങിയ സംഭവങ്ങളാണ് വെടിവയ്പിലും ഒരാളുടെ മരണത്തിലും കലാശിച്ചത്.

മരിച്ച സനലിനൊപ്പം വെടിയേറ്റ കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന്‍ (32) കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇയാളുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.