11 മേയര്‍മാരെ റഷ്യ തട്ടിക്കൊണ്ടു പോയി; ഗുരുതര ആരോപണവുമായി ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി

11 മേയര്‍മാരെ റഷ്യ തട്ടിക്കൊണ്ടു പോയി; ഗുരുതര ആരോപണവുമായി ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി

കീവ്: റഷ്യ തങ്ങളുടെ 11 മേയര്‍മാരെ തട്ടിക്കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായി ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുക്.  കീവ്, ഖേഴ്‌സണ്‍, ഖാര്‍കീവ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ അടക്കമുളള 11 മേയര്‍മാരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് അവര്‍ പറഞ്ഞു. റെഡ് ക്രോസ്, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയ എല്ലാ സംഘടനകളും ഇവരെ തിരികെ കൊണ്ടുവരാന്‍ ഇടപെടണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ കീവ് മേഖലയുടെ മുഴുവന്‍ നിയന്ത്രണവും ഉക്രെയ്ന്‍ വീണ്ടെടുത്തതായി പ്രതിരോധ മന്ത്രി ഗന്ന മാലിയറോണ്‍ അവകാശപ്പെട്ടു. റഷ്യയുടെ അധിനിവേശ നീക്കങ്ങളില്‍ ഈ നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കീവില്‍ നിന്നും ചെര്‍ണീവില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങിയെന്നും ഉക്രെയ്ന്‍ പറയുന്നു.

എന്നാല്‍ റഷ്യന്‍ അധിനിവേശം 39 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലകളിലേക്കും തെക്കന്‍ മേഖലകളിലേക്കും നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ ബുച്ചയില്‍ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ നിരത്തുകളിലും വഴിയോരത്തും മൃതശരീരങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉക്രേനിയന്‍ ഫോട്ടോ ജേണലിസ്റ്റ് റഷ്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന മാക്സ് ലെവിനാണ് കീവിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.