പുതു ജീവിതത്തിലേക്കുള്ള സാധ്യത ക്രിസ്തുവിൻറെ വാഗ്ദാനം:ഫ്രാൻസിസ് പാപ്പാ

 പുതു ജീവിതത്തിലേക്കുള്ള  സാധ്യത ക്രിസ്തുവിൻറെ  വാഗ്ദാനം:ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സ്‌ക്വയറിലെ കിളിവാതിലൂടെ ഞായറാഴ്ച സന്ദേശം പങ്കുവയ്ക്കുന്ന പാപ്പാ ഈ ഞായറാഴ്ച പതിവിൽ നിന്നും വ്യത്യസ്തമായി മാൾട്ടയിലെ വി. പൗലൊസിൻറെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണിൽ നിന്നുകൊണ്ടാണ് ഞായറാഴ്ച്ച സന്ദേശം പങ്കുവച്ചത്‌. മാൾട്ടയിലെ തൻ്റെ അപ്പസ്തോലിക സന്ദര്ശനത്തിൻറെ രണ്ടാം ദിവസമാണ് ഫ്ലോറിനായിൽ വിശുദ്ധ ബലി മദ്ധ്യേ, ' ക്രിസ്തു നൽകുന്ന വാഗ്ദാനം പുതു ജീവിതത്തിലേക്കുള്ള സാധ്യതയാണ് ' എന്ന വിലപ്പെട്ട ഒരു ഓർമ്മപ്പെടുത്തലിലൂടെ തൻ്റെ സന്ദേശം പാപ്പ പങ്കവച്ചത്. മെഡിറ്ററേനിയൻ ദ്വീപായ മാൾട്ടയിലെ സന്ദർശനം പരിശുദ്ധ പിതാവിൻ്റെ മുപ്പത്തിയാറാം അപ്പോസ്തോലിക വിദേശ സന്ദർശനമാണ്.

കുർബാനമധ്യേ ഉള്ള പ്രബോധനത്തിൽ പാപ്പാ ആ ദിവസത്തെ വിശുദ്ധ ഗ്രന്ഥ വായനയുടെ ഭാഗമായ വി.യോഹന്നാൻറെ സുവിശേഷത്തിൽ നിന്നുള്ള വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയുടെ കാര്യം അനുസ്മരിച്ചു. ഫരിസേയരും വിജാതീയരും, തങ്ങൾക്കു എല്ലാകാര്യങ്ങളെപ്പറ്റിയും അവബോധം ഉണ്ടെന്നും അതിനാൽ ക്രിസ്തുവിൻറെ പ്രബോധനങ്ങളുടെ ആവശ്യം ഇല്ലായെന്നും വിശ്വസിച്ചിരുന്നതായി പാപ്പാ ഓർമ്മപ്പെടുത്തി. പാപ്പാ പറഞ്ഞു, വ്യഭിചാരിണിയെ കുറ്റം വിധിച്ചവർ സ്വന്തം തെറ്റുകൾക്കു നേരെ കണ്ണടച്ചുകൊണ്ട്‌ മറ്റുള്ളവരെപ്പറ്റി ആകുലപ്പെടുന്നു. വിശ്വാസത്തിൻറെയും ധാർമ്മികതയുടെയും മുഖംമൂടിയണിഞ്ഞു, അവർ ക്രിസ്തുവിനെ പരീക്ഷിക്കുന്നതിനും കുറ്റം വിധിക്കുന്നതിനും,തങ്ങളുടെ ഭക്തിയുടെയും മതാത്മകതയുടെയും യശസ്സിൽ പൊതിഞ്ഞു, മുൻകൈ എടുത്തതായി പാപ്പാ പറഞ്ഞു.

നമ്മുടെ അനുദിന ജീവിതത്തിൽ ക്രിസ്തുവിനെ നിരാകരിക്കുന്നതുമൂലമുള്ള നഷ്ടം

നിലനിൽക്കുന്ന കാപട്യത്തെപ്പറ്റിയും മറ്റുള്ളവരെ കുറ്റം വിധിക്കുന്ന കാഴ്ചപ്പാടുകളെ പറ്റിയും പാപ്പാ മുന്നറിയിപ്പ് നൽകി."നമ്മുടെ ഹൃദയം സത്യത്തിൽ അവനോട് തുറന്നുകഴിഞ്ഞാൽ, അവന് നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും" പാപ്പാ പറഞ്ഞു.

മറ്റുള്ളവരെ നമ്മൾ എങ്ങനെയാണ് കരുതുന്നത് എന്ന് അവലോകനം ചെയ്യാൻ പരിശുദ്ധ പിതാവ് വിശ്വാസികളെ ആഹ്വനം ചെയ്തു. ക്രിസ്തുവിൻറെ പാത പിന്തുടർന്ന് മറ്റുള്ളവരോട് കരുണയുടെ കാഴ്ചപ്പാടിലാണോ ഇടപെടുന്നതു അതോ കുറ്റമാരോപിക്കുന്നവരെ പോലെ വിമർശനത്തിന്റേയും അവജ്ഞയുടെയും നിലപാടാണോ ഉള്ളത് എന്ന് വിലയിരുത്തണമെന്ന് പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു. നമ്മൾ ക്രിസ്‌തുവിൻറെ ഉത്തമരായ അനുയായികളാണോ എന്ന അവലോകനത്തിന് അവനവനിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ആവശ്യം. വ്യഭിചാരിണിയെ വിധിക്കാൻ മുന്നിൽ നിന്നവർ നിസ്സന്ദേഹം വിശ്വസിച്ചിരുന്നത് അവർക്കു ഒന്നും തന്നെ പഠിക്കാൻ ഇല്ല എന്നതാണ്. കറതീർന്ന വ്യക്തത്വങ്ങളായിട്ടു ബാഹ്യമായി പ്രതിഫലിച്ചാലും ഹൃദയത്തിൽ വിശ്വാസ്യത ഇല്ലാത്ത വ്യക്തിത്വങ്ങളാണ് അവർ എന്ന് പാപ്പാ പറഞ്ഞു.

എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് ക്രിസ്തുവിനോട് ചോദിക്കുക. ക്രിസ്‌തുവിൻറെ മുൻപിൽ വിലമതിക്കപ്പെടുന്നത് തുറവിയും വിധേയത്വവും മോക്ഷത്തെപ്പറ്റിയുള്ള അവബോധവുമാണ്. പ്രാർത്ഥന നന്മ ലഭ്യമാക്കുന്നതുപോലെ തന്നെ അല്ലെങ്കിൽ അതിനുപരിയായി മതപരമായ ശുശ്രൂഷകളിൽ ഭാഗഭാക്കാകുന്നത് സന്തോഷം നൽകും. നമുക്ക് ക്രിസ്തുവിനോട് നേരിട്ട് ഇങ്ങനെ ചോദിക്കാം,"ഞാനിതാ നിൻറ്റെ മുൻപിൽ നിൽക്കുന്നു, നീ എന്താണ് എന്നിൽ നിന്ന് ആവശ്യപ്പെടുന്നത് ? എൻ്റെ ഹൃദയത്തിൽ, എൻ്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഞാൻ വരുത്തേണ്ടത്?ഞാൻ മറ്റുള്ളവരോട്‌ എന്ത് തരം ബന്ധംപുലർത്തണം എന്നാണ് അങ്ങ് ആഗ്രഹിക്കുന്നത് ?"ഇങ്ങനെ പ്രാർത്ഥിക്കുന്നത്എപ്പോഴും നന്മ വരുത്തും. കാരണം നമ്മുടെ ഗുരുനാഥനെ സംപ്രീതനാക്കുന്നതു നമ്മുടെ പുറമേയുള്ള കാഴ്ച അല്ല മറിച്ചു അവൻ അന്വേഷിക്കുന്നത് നമ്മുടെ ഹൃദയത്തിലുള്ള സത്യത്തെ ആണ്.

വ്യഭിചാരിണിയുടെ സാഹചര്യം ആശയറ്റതായിരുന്നു എങ്കിലും ക്രിസ്തു ആ സ്ത്രീയുടെ മുൻപിൽ തുറന്നതു പുതിയതും അപ്രതീക്ഷിതവും ആയ ഒരു ചക്രവാളം തന്നെ ആയിരുന്നു. കുറ്റം വിധിക്കുന്നതിനു പകരം പ്രതീക്ഷയെ പുനഃസ്ഥാപിക്കുകയാണ് ചെയ്തത് .ദൈവം എപ്പോഴും രണ്ടാമതൊരവസരം കരുതിവയ്ക്കുന്നവനാണ്. വിമോചനത്തിൻറെയും പരിത്രാണത്തിന്റേയും മാർഗത്തിൽ ദൈവം എപ്പോഴും വഴി കാട്ടി ആയിരിക്കും. ദൈവം എപ്പോഴും ക്ഷമിക്കാൻ തയാറാണ്,പാപ്പാ ഊന്നിപ്പറഞ്ഞു, അവൻ ക്ഷമിക്കാൻ തയാറാണ്.നാമാണ് ക്ഷമ ചോദിച്ചു മടുക്കുന്നത്.

ക്ഷമ ആ സ്ത്രീയുടെ ജീവിതത്തെ മാറ്റിമറിച്ചു. അതുപോലെ അവനാൽ ക്ഷമിക്കപ്പെട്ട നമ്മളും അനുരഞ്ജനത്തിന്റെ തളരാത്ത സാക്ഷികളാകണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു:'വീണ്ടെടുക്കാനാവാത്ത' എന്ന വാക്ക് നിലനിൽക്കുന്നില്ലാത്ത ഒരു ദൈവത്തിന്റെ സാക്ഷികൾ. എപ്പോഴും ക്ഷമിക്കുന്ന, നമ്മിലുള്ള വിശ്വാസം അവസാനിക്കാത്ത, പുതിയ തുടക്കത്തിന് എപ്പോഴും അവസരം നൽകുന്ന ഒരു ദൈവം. അവൻ്റെ കാരുണ്യത്തിൻറെ കൊടിക്കീഴിൽ കൊണ്ടുവന്നാൽ, പുതിയതും വ്യത്യസ്തവുമായ ജീവിതം നയിക്കാനുള്ള അവസരമായി മാറാൻ കഴിയാത്ത പാപമോ പരാജയമോ ഇല്ല. ഇതാണ് കർത്താവായ യേശു, പാപ്പാ പറഞ്ഞു.

തൻ്റെ കഷ്ടതകളുടെയിടയിൽ ദൈവത്തിൻറെ കാരുണ്യം കണ്ടെത്തുകയും സൗഖ്യം പ്രാപിച്ച് മടങ്ങുകയും ചെയ്ത ആ സ്ത്രീ, സുവിശേഷത്തിലേക്കും എപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന പ്രത്യാശയുടെ ദൈവത്തിലേക്കും മടങ്ങാനും ഇന്ന് നമ്മെയും ക്ഷണിക്കുന്നു. നാം ക്രിസ്തുവിനെ അനുകരിക്കുകയാണെങ്കിൽ, പാപങ്ങളെ അപലപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. മറിച്ച് പാപികളെ തേടി, സ്‌നേഹത്തോടെ ഒരു പുതിയ ജീവിതം സാധ്യമാണെന്ന് അവരെ കാണിച്ചുകൊടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

"നമ്മെ അതിശയിപ്പിക്കാൻ നമുക്ക് അവനെ അനുവദിക്കാം. അവൻ കൊണ്ടുവരുന്ന സുവാർത്തയെ നമുക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യാം" എന്ന് പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.