'സമാധാനത്തിനായുള്ള ജനങ്ങളുടെ ദാഹം മനസിലാക്കാനും വിശാലമായ ഒരു സംഭാഷണത്തിന് അടിത്തറയിടാനും നാം പരസ്പരം സഹകരിക്കണം. ഭാവി തലമുറകളെ ലക്ഷ്യം വച്ചുള്ളതും നിരായുധീകരണം കേന്ദ്ര വിഷയമായുള്ളതുമായ സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിലേക്ക് നാം വീണ്ടും മടങ്ങണം. ആയുധങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന വന്‍ തുകകള്‍ വികസനം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കണം'.
വലേറ്റ (മാള്‍ട്ട): ഉക്രെയ്‌നിലെ യുദ്ധം മൂലം അഭയാര്‍ഥികളായവരോട് ലോകം കരുണയും സഹാനുഭൂതിയും കാണിക്കണമെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മാള്‍ട്ടയിലെത്തിയ മാര്‍പാപ്പ അവിടെ സര്‍ക്കാര്‍ അധികാരികളെ അഭിസംബോധന ചെയ്യുകയായിരുന്നു.
ദേശീയ താല്‍പര്യത്തിന്റെ പേരിലെന്നു പറഞ്ഞ് ചില ഭരണാധികാരികള്‍ ലോകത്തെ അണവായുധ യുദ്ധ ഭീഷണിയിലാക്കി. കിഴക്കന്‍ യൂറോപ്പില്‍ നിന്നു വീശുന്ന കാറ്റ് നമ്മളില്‍ യുദ്ധത്തിന്റെ ഇരുണ്ട ഓര്‍മകളുണര്‍ത്തുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നതും തെരുവുകളിലെ കാടന്‍ യുദ്ധങ്ങളും ആണവായുധ ഭീഷണിയും മുമ്പ് വിദൂര ഓര്‍മകള്‍ മാത്രമായിരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
സമാധാനത്തിനായുള്ള ജനങ്ങളുടെ ദാഹം മനസിലാക്കാനും വിശാലമായ ഒരു സംഭാഷണത്തിന് അടിത്തറയിടാനും നാം പരസ്പരം സഹകരിക്കണം. ഭാവി തലമുറകളെ ലക്ഷ്യം വച്ചുള്ളതും നിരായുധീകരണം കേന്ദ്ര വിഷയമായുള്ളതുമായ സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിലേക്ക് നാം വീണ്ടും മടങ്ങണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ആയുധങ്ങള്‍ക്കായി നിര്‍ബാധം നീക്കിവയ്ക്കുന്ന വന്‍ തുകകള്‍ വികസനം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ ഉക്രെയ്‌ന് നേരെ കനത്ത ആക്രമണം തുടരുന്നതിനിടെ ഉക്രെയ്ന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം മാര്‍പാപ്പ വീണ്ടും പ്രകടിപ്പിച്ചു. ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് മാള്‍ട്ടയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി മാള്‍ട്ട വലേറ്റയിലെ പൊതു കുര്‍ബാന മധ്യേ പാപ്പ പ്രത്യേകം പ്രാര്‍ഥിച്ചു. കുര്‍ബാനയ്ക്കിടെ മുട്ടുവേദന മൂലം മാര്‍പാപ്പയ്ക്ക് പലതവണ സഹായിയുടെ സേവനം തേടേണ്ടി വന്നു. മുട്ടുവേദന മൂലം കൂടുതല്‍ സമയവും മാര്‍പാപ്പ ഇരിക്കുകയായിരുന്നതിനാല്‍ ആര്‍ച്ച്ബിഷപ് ചാള്‍സ് സിക്ലൂണയാണ് പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയത്.
റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ എ.ഡി 60 ല്‍ കപ്പലപകടത്തില്‍പ്പെട്ട സെന്റ് പോള്‍ താമസിച്ചുവെന്നു കരുതുന്ന റബാത് പട്ടണത്തിലെ സ്മാരക ഗ്രോട്ടോ മാര്‍പാപ്പ സന്ദര്‍ശിച്ചു. മാള്‍ട്ടയിലെ ജനം അന്നു സെന്റ് പോളിനെ സഹായിച്ചതുപോലെ യൂറോപ്പ് അഭയാര്‍ഥികളോടു കാരുണ്യം കാണിക്കണമെന്ന് മാര്‍പാപ്പ വീണ്ടും അഭ്യര്‍ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.