സിഡ്‌നി: ന്യൂ സൗത്ത് വെയിസിലെ ബ്ലൂ മൗണ്ടന്‍സില്‍ ഇന്നു രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍. ഒരു പുരുഷനും ആണ്‍കുട്ടിയുമാണ് മരിച്ചതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. ഒരു സ്ത്രീയും ആണ്‍കുട്ടിയുമാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.
സിഡ്നിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ബ്ലൂ മൗണ്ടന്‍സിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ വെന്റ്‌വര്‍ത്ത് വെള്ളച്ചാട്ടത്തിനു സമീപമാണ് ദുരന്തത്തിനു കാരണമായ മണ്ണിടിച്ചിലുണ്ടായത്. അഞ്ച് പേര്‍ ഇടതൂര്‍ന്ന കുറ്റിക്കാടുകള്‍ക്കിടയിലുള്ള നടപ്പാതയിലൂടെ നടക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടാകുന്നതെന്ന് ആക്ടിംഗ് സൂപ്രണ്ട് ജോണ്‍ നെല്‍സണ്‍ പറഞ്ഞു.
ദുരന്തമുണ്ടായ മേഖല
ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട സ്ത്രീക്കും ആണ്‍കുട്ടിക്കും തലയ്ക്കും വയറിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് സംഭവസ്ഥലത്തു വച്ചുതന്നെ ചികിത്സ നല്‍കി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഘം വിനോദസഞ്ചാരികളാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ആക്ടിംഗ് സൂപ്രണ്ട് പറഞ്ഞു. ഇടതൂര്‍ന്ന മരങ്ങളുള്ള മേഖലയിലേക്ക് ഹെലികോപ്റ്ററിലാണ് രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും എത്തിയത്.
അടുത്തിടെ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായിട്ടും നടപ്പാത തുറന്നുകൊടുത്തിരുന്നു. മണ്ണിടിച്ചിലുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വിദഗ്ധര്‍ പഠിക്കുമെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.