ലാസ് വെഗാസ്: യുദ്ധത്തിനെതിരേ സംഗീതലോകത്തിന്റെ പിന്തുണ തേടി ഗ്രാമി അവാര്‍ഡ് വേദിയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ വികാരനിര്‍ഭരമായ വീഡിയോ സന്ദേശം. 'സംഗീതത്തിന് വിപരീതമായി എന്താണുള്ളത്? മരിച്ചവരുടെയും തകര്‍ന്ന നഗരങ്ങളുടെയും മൗനമാണത്. ഞങ്ങളുടെ സംഗീതജ്ഞര്‍ സ്യൂട്ടിന് പകരം ശരീര കവചങ്ങളാണ് ധരിക്കുന്നത്. ആശുപത്രിയില്‍ മുറിവേറ്റര്‍ക്കു വേണ്ടിയാണ് അവര്‍ പാടുന്നത്.
ജീവിക്കാനും സ്നേഹിക്കാനും ശബ്ദമുണ്ടാക്കാനുമുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായാണ് ഞങ്ങള്‍ പോരാടുന്നത്. ഞങ്ങളുടെ മണ്ണില്‍, ബോംബുകള്‍ കൊണ്ട് ഭയാനകമായ നിശബ്ദത കൊണ്ടുവരുന്ന റഷ്യയോട് ഞങ്ങള്‍ പോരാടുകയാണ്. നിങ്ങളുടെ സംഗീതം കൊണ്ട് ആ നിശബ്ദത നിറയ്ക്കുക. ഞങ്ങളുടെ കഥ ലോകത്തോട് പറയുകയെന്നും അദ്ദേഹം സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു.
ഉക്രെയ്ന്‍ ഗായിക മിക ന്യൂട്ടണ്‍, സംഗീതജ്ഞന്‍ സിയുസന്ന ഇഗ്ലിഡാന്‍, കവി ല്യൂബ യാക്കിംചുക് എന്നിവരുടെ 'ഫ്രീ' എന്ന ഗാനത്തിന്റെ പ്രകടനത്തിനു മുന്നോടിയായാണ് സെലന്‍സ്‌കിയുടെ വീഡിയോ സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചത്.
റഷ്യയുടെ അധിനിവേശത്തിനെതിരെ ആഗോള രോഷം ഉയരുന്ന സാഹചര്യത്തിലാണ് യു.എസിലെ ഏറ്റവും വലിയ സംഗീത രാത്രിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. സ്വന്തം ജനങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത മോസ്‌കോയിലെ നേതാക്കളെയും സെലന്‍സ്‌കി കുറ്റപ്പെടുത്തി. 'നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ടിവിയിലും യുദ്ധത്തെക്കുറിച്ചുള്ള സത്യം പറയൂ. നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുക. നിശബ്ദതക്ക് ശേഷം സമാധാനം കൈവരും.
ഖാര്‍കിവ്, വോള്‍നോവാഖ, മരിയുപോള്‍ തുടങ്ങി നമ്മുടെ എല്ലാ നഗരങ്ങളെയും യുദ്ധം നശിപ്പിക്കുകയാണ്. ഗ്രാമി സ്റ്റേജില്‍ നിങ്ങളെപ്പോലെ സ്വതന്ത്രരാകുന്ന ജീവിക്കുകയും ചെയ്യുന്ന സ്വപ്നത്തിലാണ് ഞങ്ങളും-സെലന്‍സ്‌കി ഗ്രാമി സന്ദേശത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.