'ആശാനില്ലാതെ ഞങ്ങള്‍ക്കെന്ത് കളി'; ഇവാന്‍ വുകോമനോവിച്ചുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് 2025 വരെ നീട്ടി

'ആശാനില്ലാതെ ഞങ്ങള്‍ക്കെന്ത് കളി'; ഇവാന്‍ വുകോമനോവിച്ചുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് 2025 വരെ നീട്ടി

കൊച്ചി: സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2025 വരെ നീട്ടി. കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നതു മുതല്‍ ക്ലബ്ബിന്റെ കളി ശൈലിയില്‍ നിര്‍ണായകമായ സ്വാധീനമാണ് ഇവാന്‍ ചെലുത്തിയതെന്നും ടീമിനെ മൂന്നാം ഐഎസ്എല്‍ ഫൈനലിലേക്ക് നയിച്ചതിന് പുറമെ, സീസണില്‍ പ്രധാനപ്പെട്ട ക്ലബ്ബ് റെക്കോര്‍ഡുകളുടെ ഒരു നിര തന്നെ സ്ഥാപിക്കുകയും ചെയ്തതായി ബ്ളാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇവാന്‍ വുകോമനോവിച്ചിന്റെ പരിശീലനത്തില്‍ ചരിത്രത്തിലാദ്യമായി കേരള ബ്ളാസ്റ്റേഴ്‌സ് ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയിരുന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ എന്നീ റെക്കാഡുകള്‍ കൂടി വുകോമനോവിച്ചിന്റെ കീഴില്‍ ബ്ളാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു

'വാനുമായി ബ്ലാസ്റ്റേഴ്‌സിനുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതില്‍ സന്തോഷമുണ്ടെന്നും ടീമുമായി സുഗമമായി പൊരുത്തപ്പെട്ട അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ടീമിന്റെ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വുകോമനോവിച്ചിന്റെ കരാര്‍ നീട്ടിയത് ക്ലബിന്റെ ചരിത്രത്തിലെ ഒരു പ്രധാന നീക്കമാണെന്നും ക്ലബിന്റെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ഇപ്പോള്‍ ശക്തമായ അടിത്തറ ആയെന്നും സ്‌കിന്‍കിസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ക്ലബുമായി സഹകരിക്കാന്‍ തുടങ്ങിയത് മുതല്‍ മികച്ച ഊര്‍ജവും വികാരവും തനിക്ക് അനുഭവപ്പെട്ടെന്ന് പുതിയ കരാറില്‍ ഒപ്പുവച്ച ശേഷം വുകോമനോവിച്ച് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിന് പിന്നിലുള്ള വ്യക്തികളും ആരാധകരും തന്നെ ഏറെ ആകര്‍ഷിച്ചെന്നും കൂടുതല്‍ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി തന്റെ ജോലി തുടരാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ തൃപ്തനും സന്തുഷ്ടനുമാണ്.

വരുന്ന സീസണിലും മികച്ച പ്രകടനം കാഴ്ചവക്കാനും ഇക്കൊല്ലം നഷ്ടപ്പെട്ട ട്രോഫി തിരിച്ചു പിടിക്കാന്‍ ഒരുമിച്ച് ശ്രമിക്കാമെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.