കുറ്റവാളികളുടെ രക്ത സാംപിള്‍ മുതല്‍ വിരലടയാളം വരെ ഇനി പോലീസിന് ശേഖരിക്കാം; ക്രിമിനല്‍ നടപടി ബില്‍ 2022 ലോക്‌സഭ പാസാക്കി

കുറ്റവാളികളുടെ രക്ത സാംപിള്‍ മുതല്‍ വിരലടയാളം വരെ ഇനി പോലീസിന് ശേഖരിക്കാം; ക്രിമിനല്‍ നടപടി ബില്‍ 2022 ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി ബില്‍ 2022 ലോക്‌സഭയില്‍ പാസായി. ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

കുറ്റവാളികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് അദേഹം പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മനുഷ്യാവകാശത്തിലേക്കുള്ള കടന്നു കയറ്റമെന്ന് പറഞ്ഞ് ബില്ലിനെ എതിര്‍ത്തു.

പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കുന്നതിന് ബില്‍ കോടതിയെ സഹായിക്കും. അക്രമിക്കപ്പെടുന്നവര്‍ക്കും കൊല്ലപ്പെടുന്നവര്‍ക്കും മനുഷ്യാവകാശമുണ്ട്. ബില്‍ രാജ്യത്തെ പുറകോട്ടടിക്കില്ലെന്നും മുന്‍പോട്ട് നയിക്കുകയാണ് ചെയ്യുകയെന്നും അമിത് ഷാ പറഞ്ഞു.

ശിക്ഷിക്കപ്പെട്ടവരുടേയും അറസ്റ്റിലായവരുടേയും ശാരീരികവും ജീവ ശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് ക്രിമിനല്‍ നടപടി ചട്ട പരിഷ്‌കരണ ബില്ല്. 102 വര്‍ഷം പഴക്കമുള്ള ദ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്സ് ആക്ടിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ ബില്ല് കേന്ദ്രം അവതരിപ്പിച്ചത്.

ശേഖരിക്കുന്ന രേഖകള്‍ 75 വര്‍ഷം സൂക്ഷിക്കാനും പോലീസിന് അധികാരം ലഭിക്കും. ബില്ല് അനുസരിച്ച് അറസ്റ്റിലാകുന്നവരുടെ രക്തസാംപിള്‍, വിരലടയാളം, പാദമുദ്രകള്‍, ഫോട്ടോഗ്രാഫുകള്‍, ഐറിസ്, റെറ്റിന എന്നിവയുടെ സാംപിളുകള്‍, ബയോമെട്രിക് രേഖകള്‍, ഒപ്പ്, സ്വഭാവ സവിശേഷതകള്‍, കയ്യക്ഷരം എന്നിവയുള്‍പ്പെടെയുള്ളവ പോലീസിന് ശേഖരിക്കാം.

ഒരു വര്‍ഷത്തിലധികം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാല്‍ മുദ്രകള്‍, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരമാണ് നിലവില്‍ പോലീസിനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.