ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടിയില്‍ ഐക്യം പരമ പ്രധാനമാണ്. അതിന് ആവശ്യമായതെല്ലാം ചെയ്യും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തില്‍ വന്‍ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് മുന്നില്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം കടുത്ത പരീക്ഷണത്തിലാണെന്നും സോണിയ പറഞ്ഞു. ബിജെപിയുടെ 'വിഭജന അജണ്ട' എല്ലാ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ വ്യവഹാരത്തിന്റെ ഒരു സ്ഥിരം സവിശേഷതയായി മാറിയിരിക്കുന്നു.
ഈ അജണ്ടയുടെ ഭാഗമായി ചരിത്രത്തെ വികലമായി വളച്ചൊടിക്കുകയാണ്. സമീപകാല ചരിത്രത്തെപ്പോലും ഇവര്‍ തെറ്റായി വളച്ചൊടിച്ചു. വിദ്വേഷത്തിന്റെ ഈ ശക്തികളെ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്ന് സോണിയാഗാന്ധി ഓര്‍മ്മിപ്പിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി യോഗമാണിത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ സംബന്ധിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസ് കക്ഷി നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും കോണ്‍ഗ്രസ് എംപിമാര്‍ എന്നിവര്‍ സംബന്ധിച്ചു. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, പെട്രോള്‍-ഡിസല്‍-പാചക വാതക വില വര്‍ധന തുടങ്ങിയവയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് പാര്‍ട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.