ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു; തെരുവുകള്‍ കലാപ കലുഷിതം

 ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു; തെരുവുകള്‍ കലാപ കലുഷിതം

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കെ അടിയന്തരാവസ്ഥ പിന്‍വലിച്ച് പ്രസിഡന്റ് ഗോതബയ രജപക്സെ ഉത്തരവിറക്കി. ഈ മാസം ഒന്നിനായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ നീക്കം.

അതേസമയം 42 ഭരണപക്ഷ എംപിമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ രജപക്സെ ഭരണകൂടത്തിന് കഴിഞ്ഞ ദിവസം ഭൂരിപക്ഷം നഷ്ടമായിരുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 113 അംഗങ്ങളുടെ പിന്തുണ നിലവില്‍ സര്‍ക്കാറിനില്ല. തിങ്കളാഴ്ച അധികാരമേറ്റ ധനമന്ത്രി അലി സബ്രി 24 മണിക്കൂര്‍ തികയും മുമ്പെ രാജിവെയ്ക്കുകയും ചെയ്തു. ഇതും രജപക്സെ സര്‍ക്കാറിന് വന്‍ തിരിച്ചടിയായി.

അതേസമയം രാജ്യമെങ്ങും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. പാര്‍ലമെന്റിന് സമീപത്തും പ്രധാനമന്ത്രിയുടെ വീടിന് മുന്നിലും വന്‍ പ്രതിഷേധം നടന്നു. യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വീട്ടിലേക്കുള്ള കൂറ്റന്‍ റാലി. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രതിസന്ധിയെ പറ്റി ഇന്നും നാളെയും പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി എസ്.എല്‍.പി.പി പാര്‍ട്ടി എംപി പ്രസന്ന രണതുംഗെ പറഞ്ഞു. ഭക്ഷണം, ഇന്ധനം, മരുന്ന്, വൈദ്യുതി എന്നീ അവശ്യവസ്തുക്കളുടെയെല്ലാം കടുത്ത ദൗര്‍ലഭ്യത്തില്‍ വലയുന്ന രാജ്യത്ത് പ്രശ്നപരിഹാരമായി ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തെങ്കിലും പ്രതിപക്ഷം വിട്ടു നിന്നതോടെ അത് നടന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.