അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ മറ്റൊരു സംസ്ഥാനം കൂടി: ബില്‍ പാസാക്കി ഒക്‌ലഹോമയും

അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ മറ്റൊരു സംസ്ഥാനം  കൂടി: ബില്‍ പാസാക്കി ഒക്‌ലഹോമയും

ഒക്‌ലഹോമ സിറ്റി: യു.എസിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഗര്‍ഭഛിദ്ര നിരോധന ബില്‍ പാസാക്കി. അമ്മയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ ഗര്‍ഭച്ഛിദ്രം നടത്താനാവില്ലെന്ന് അനുശാസിക്കുന്ന നിയമം ചൊവ്വാഴ്ചയാണ് ഒക്‌ലഹോമ പ്രതിനിധി സഭ പാസാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 100,000 ഡോളര്‍ വരെ പിഴയും 10 വര്‍ഷം തടവും ശിക്ഷ ലഭിക്കും. ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ നിയമം ബാധകമാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള ജനപ്രതിനിധി സഭയില്‍ ഈ ആഴ്ചയാണ് ബില്‍ വോട്ടിന് കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സെനറ്റ് ബില്‍ പാസാക്കിയിരുന്നു. നിലവില്‍ ബില്‍ ഒപ്പിടുന്നതിനായി ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിന്റെ പരിഗണനയിലാണ്.

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിയമനിര്‍മ്മാണത്തിനുള്ള പിന്തുണ ഗവര്‍ണര്‍ നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്്. അദ്ദേഹം ബില്ലില്‍ ഒപ്പുവയ്ക്കുകയും നിയമതടസം നേരിടാതിരിക്കുകയും ചെയ്താല്‍ വേനല്‍ക്കാലത്ത് നിയമം പ്രാബല്യത്തില്‍ വരും.

നേരത്തെ ടെക്‌സസും ഐഡഹോയും ആറാഴ്ച മുതല്‍ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരെ ബില്‍ പാസാക്കിയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ ടെക്‌സസില്‍നിന്നുള്ള സ്ത്രീകള്‍ എത്തിയിരുന്നത് ഒക്‌ലഹോമയിലാണ്. ഇവിടെയും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാനുള്ള സാധ്യതകള്‍ കുറയും. ബലാത്സംഗം ഉള്‍പ്പെടെയുള്ള കാരണം നിരത്തിയാലും ഗര്‍ഭച്ഛിദ്രം നടത്താനാകില്ല.

എതിര്‍പ്പുകള്‍ ഉയരുമ്പോഴും യു.എസില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധനം നടപ്പാക്കുന്നതിനെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ വിശ്വാസികള്‍ നോക്കിക്കാണുന്നത്.

ടെക്സാസിലെ ഗര്‍ഭച്ഛിദ്ര നിരോധന ബില്ലിന് സമാനമായി ഗര്‍ഭച്ഛിദ്രത്തിന് സഹായിക്കുന്ന അല്ലെങ്കില്‍ പ്രേരിപ്പിക്കുന്ന വ്യക്തിക്കെതിരെ പരാതി നല്‍കാന്‍ പൊതുജനങ്ങളെ അനുവദിക്കുന്നതാണ് നിയമം. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ അല്ലാതെ ഒരു കാരണത്താലും ഗര്‍ഭച്ഛിദ്രം അനുവദനീയമല്ലെന്നു ബില്ലില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.