ജക്കാര്‍ത്ത: റോസ ഒരു 'കുഞ്ഞിക്കാല്' കാണുവാനായി കാത്തിരുന്നത് നീണ്ട പതിനേഴ് വര്‍ഷം. ഇതിനിടെ എട്ട് തവണ ഗര്‍ഭമലസിപ്പോയി. അവസാനം അവളുടെ ആഗ്രഹം സഫലമായി. റോസ ഒരു കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.
റോസ ആരാണന്നല്ലേ?.. ഇന്തൊനേഷ്യയിലെ ലാംപുങ് പ്രവിശ്യയിലെ വേ കാമ്പാസ് നാഷണല്‍ പാര്‍ക്കിലെ സുമാത്രന്‍ കാണ്ടാമൃഗമാണ് അവള്‍. വംശനാശത്തിന്റെ വക്കിലാണ് റോസയുടെ വര്‍ഗ പരമ്പര. ഇതിനിടയിലാണ് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കി റോസ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
സംരക്ഷിത പ്രത്യുത്പാദന പരിപാടികളില്ലെങ്കില്‍ 40 വയസ് വരെ ആയുസ് കണക്കാക്കുന്ന സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ ഉടന്‍ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ഇന്റര്‍നാഷണല്‍ റൈനോ ഫെഡേറഷന്റെ (ഐആര്‍എഫ്) നിഗമനം.
തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഒരു കാലത്ത് ധാരാളമുണ്ടായിരുന്ന സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ 70 ശതമാനമായാണ് കുറഞ്ഞത്. ലോകത്താകെ 80ല്‍ താഴെ സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
കുഞ്ഞിനെ റോസയ്ക്ക് വിട്ടു കൊടുക്കും മുമ്പ് കുഞ്ഞിന്റെ ആരോഗ്യവും മറ്റ് കാര്യങ്ങളും സംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ വിലയിരുത്തി. വംശവര്‍ധനവിനായുള്ള പദ്ധതിയുടെ ഭാഗമായി 2005 ലാണ് റോസ ആദ്യമായി ഗര്‍ഭിണിയാകുന്നത്.
എന്നാല്‍ പിന്നീടുണ്ടായ എട്ട് ഗര്‍ഭവും അലസിയതോടെ അധികൃതര്‍ക്ക് ഈ വിഷയത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. റോസയുടെ കാര്യത്തില്‍ നിരന്തരം ശ്രദ്ധ പുലര്‍ത്തിയ അധികൃതരെ വന, പരിസ്ഥിതി മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.