വാഷിങ്ടണ്‍: ഉക്രെയ്‌നിയന്‍ നഗരമായ ബുച്ചയില്‍ റഷ്യന്‍ സൈന്യം നാശം വിതച്ചതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തുവന്നതോടെ റഷ്യയ്ക്കും പുടിനും മേല്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പെണ്‍മക്കളായ മരിയ പുടിന, കാതറീന ടിഖോനോവ, വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന്റെ ഭാര്യ മരിയ ലാവ്റോവ, മകള്‍ കത്രീന ലാവറോവ, പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍, മുന്‍ പ്രസിഡന്റും റഷ്യന്‍ പ്രധാനമന്ത്രിയുമായ ദിമിത്രി മെദ്വദേവ് എന്നിവര്‍ക്കും റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്നലെ യുഎസ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്. കൂടാതെ റഷ്യന്‍ സുരക്ഷാ സമിതി അംഗങ്ങള്‍ക്കും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സെബര്‍ബാങ്കിനും ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആല്‍ഫ ബാങ്കിനും മേല്‍ സമ്പൂര്‍ണ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സാമ്പത്തിക ആഘാതം വര്‍ദ്ധിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതെന്ന് രാജ്യത്തെ മുതിര്‍ന്ന അഡ്മിനിസ്ട്രേറ്റിംഗ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേരത്തെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനു പിന്നാലെ ഭരണാധികാരികളുടെ കുടുംബാംഗങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയതുവഴി ബന്ധുക്കളുടെ പേരില്‍ നിക്ഷേപിച്ച സ്വത്തുകള്‍ക്കുകൂടി നിയന്ത്രണം കൊണ്ടുവരികയാണ് അമേരിക്ക.
യുദ്ധത്തെ തുടര്‍ന്നു മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കെയാണ് റഷ്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇപ്പോഴത്തെ ഉപരോധം. 140 ലധികം റഷ്യന്‍ വംശജര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 400 ലധികം റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും യുഎസ് ഇതിനകം തന്നെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ മൊത്തം ബാങ്കിംഗ് മേഖലയിലെ ആസ്തികളുടെ മൂന്നിലൊന്ന് കൈവശം വച്ചിരിക്കുന്ന സെബര്‍ബാങ്കിന്റെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ ബാങ്കിംഗ് മേഖലയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലധികം മരവിച്ചു. ജി 7, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി സഹകരിച്ച് റഷ്യയിലെ പുതിയ നിക്ഷേപത്തിനും നിരോധനം ഉണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിടുന്നതോടെ നിരോധനം പ്രാബല്യത്തിലാകും. ഇതോടെ റഷ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ ഉപരോധം ബാധിക്കും.
റഷ്യന്‍ സൈന്യം പിന്‍വാങ്ങിയെന്ന് പറയുന്ന പ്രദേശങ്ങളില്‍ 'വലിയ യുദ്ധക്കുറ്റങ്ങള്‍' കണ്ടെത്തിയതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളെ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ നേര്‍ചിത്രങ്ങളാണ് ഈ മേഖലകളില്‍ നിന്നൊക്കെ വന്നുകൊണ്ടിരിക്കുന്നത്. റഷ്യയ്ക്കു മേലുള്ള ഉപരോധം കടുപ്പിക്കാന്‍ യുക്തിസഹമായ കാരണങ്ങളായി ഇതു മാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള രാജ്യങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒരുമിച്ച് മുന്നോട്ട് വരണമെന്നും വാഷിംഗ്ടണില്‍ ജനക്കൂട്ടത്തോട് പ്രസംഗിക്കുന്നതിനിടെ ബൈഡന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.