താമരശേരി: ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഹൃദയത്തിൽ ചേർത്ത് വെച്ച് താമരശേരി രൂപത പദയാത്രയായി കുളത്തുവയൽ തീർത്ഥാടനം നടത്തുന്നു. ലോക സമാധാനത്തിനും സഭ മുഴുവനും വേണ്ടിയും പ്രാർത്ഥനാ നിയോഗം വെച്ചുകൊണ്ടുള്ള തീർത്ഥാടനമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലാണ് കുളത്തുവയൽ തീർത്ഥാടന യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. മാർ ജോർജ് ഞരളക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു തിരുവചന സന്ദേശം നൽകും.
ഇന്ന് രാത്രി 10 ന് താമരശേരി മേരിമാതാ കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന അഞ്ചാമത് കുളത്തുവയൽ തീർത്ഥാടന യാത്ര നാളെ രാവിലെഏഴിന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും.
ദൈവത്തിന്റെ അനന്തമായ കരുണയും കാവലും അനുഭവവേദ്യമാകുന്ന തീർത്ഥാടന യാത്രയിൽ ആയിരക്കണക്കിന് വിശ്വാസികളും വൈദികരും സമർപ്പിതരും പങ്കെടുക്കും. ഇന്നത്തെ നിശബ്ദതയുടെ രാത്രിയെ പ്രാർത്ഥനാ മുഖരിതമാക്കി കടന്നുപോകുന്ന പീഡാനുഭവ യാത്ര നീണ്ട ഒമ്പത് മണിക്കൂർ ഇടതടവില്ലാതെ പ്രാർത്ഥനകൾ ഉരുവിട്ട് 30 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് എത്തുന്ന മലബാറിലെ ഏറ്റവും ദൈർഘ്യമേറിയ കുരിശ് യാത്രയാണ്.
താമരശേരി രൂപതയുടെ തക്ഷശിലയായ അൽഫോൻസാ സ്കൂളിന്റെ പാതയോരങ്ങളിലൂടെ കുടിയേറ്റ നാളുകളിൽ കഷ്ടതകളുടെ കീറാമുട്ടിയായിരുന്ന് കട്ടിപ്പാറ മലമടക്കുകളിലൂടെ തലയോട് ഇടങ്ങൾ കാണപ്പെടുന്ന തലയാട് ഗ്രാമത്തിന്റെ മലമ്പാതകളിലൂടെ മലകളും കാടുകളും തോടുകളുമുള്ള കല്ലാർ റോഡ് ഗിരിനിരകളിലൂടെ മലകൾ ചവിട്ടിക്കയറി ദീർഘദൂരം യാത്ര ചെയ്ത് മിശിഹായുടെ പീഡാസഹന യാത്ര കുടിയേറ്റ മേഖലയുടെ ജലസംഭരണിയായ കുളത്തുവയൽ തീർത്ഥാടന കേന്ദ്രത്തിൽ സമാപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.