ഓശാന ഞായര്‍ മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ കുര്‍ബാനക്രമം; സംയുക്ത സര്‍ക്കുലറില്‍ ഒപ്പുവച്ച് മാര്‍ ആലഞ്ചേരിയും മാര്‍ കരിയിലും

ഓശാന ഞായര്‍ മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ കുര്‍ബാനക്രമം; സംയുക്ത സര്‍ക്കുലറില്‍ ഒപ്പുവച്ച്  മാര്‍ ആലഞ്ചേരിയും മാര്‍ കരിയിലും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഓശാന ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന നടത്തപ്പെടും. ഡിസംബര്‍ 25 വരെ നല്‍കിയ ഇളവ് സിറോ മലബാര്‍ സഭ അടിയന്തര സിനഡ് പിന്‍വലിച്ചു. സെന്റ് മേരീസ് ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ സംയുക്തമായി ഏകീകൃത കുര്‍ബാന അര്‍പ്പിക്കും. കുര്‍ബാന സംബന്ധിച്ച് ഇരുവരും ഒപ്പുവച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളില്‍ പുതിയ ആരാധനാക്രമം ഏര്‍പ്പെടുത്താന്‍ അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണ്. ഇക്കാര്യത്തില്‍ കര്‍ദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് വ്യക്തമാക്കുന്നു. ഓശാന ഞായര്‍ മുതല്‍ പരിഷ്‌കരിച്ച കുര്‍ബാന രീതിയിലേക്ക് മാറാന്‍ മാര്‍പാപ്പ അതിരൂപതയ്ക്ക് കത്ത് നല്‍കിയിരുന്നു.

ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്റെ നിര്‍ണായക ഇടപെടല്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കടയില്ലാത്ത വിധം വൃക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. തര്‍ക്കത്തില്‍ ആദ്യമായാണ് മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍.

അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബര്‍ 28 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം.

വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാന്‍ സമയം വേണമെങ്കില്‍ ഇടവകള്‍ക്ക് ആവശ്യപ്പെടാം. കാനന്‍ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നല്‍കും. കര്‍ത്താവില്‍ വിതച്ചാല്‍ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാര്‍പ്പാപ്പ കത്ത് ചുരുക്കുന്നത്.

സര്‍ക്കുലറിന്റെ പൂര്‍ണ രൂപം ചുവടെ:

സർക്കുലർ 05/2022
07. 04. 2022

എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീസഹോദരന്മാരേ,

നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ധ്യാനത്തിനും പ്രാർഥനയ്ക്കും പ്രത്യേകവിധം വിഷയമാക്കുന്ന വലിയ ആഴ്ചയിലേയ്ക്കു നാം പ്രവേശിക്കുകയാണല്ലോ. നമ്മുടെ അതിരൂപതയ്ക്കുവേണ്ടി 2022 മാർച്ച് 25-ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പിതൃസഹജമായ സമീപനത്തോടെ നൽകിയ കത്തിൽ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി സ്വർഗീയ പിതാവിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ടു താഴ്ത്തപ്പെടലിന്റെയും പീഡാസഹനത്തിന്റെയും കയ്പുനിറഞ്ഞ പാനപാത്രത്തിൽ നിന്നു പാനംചെയ്യുന്ന കർത്താവിനെ കൂടുതൽ ആധികാരികതയോടെയും ഉത്തരവാദിത്വത്തോടെയും അനുഗമിക്കാൻ ഈ വിശുദ്ധ കാലത്തു നമ്മെയെല്ലാം ആഹ്വാനം ചെയ്തിട്ടുണ്ട്. നമ്മുടെ കർത്താവീശോമിശിഹായുടെ മാതൃക അനുകരിച്ചുകൊണ്ട് ഈ വലിയ ആഴ്ച കൂടുതൽ അനുഗ്രഹപ്രദമാക്കാൻ നമുക്കു പരിശ്രമിക്കാം.

നമ്മുടെ സഭയിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതിനുള്ള സിനഡിന്റെ തീരുമാനം 2021 നവംബർ 28-ന് നിലവിൽ വന്നതാണ്. 35 ൽ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും സഭയുടെ ഔദ്യോഗികമായ വി. കുർബാനയർപ്പണരീതി പ്രായോഗികമായി നടപ്പിലായിക്കഴിഞ്ഞു. നമ്മുടെ അതിരൂപതയിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതു സംബന്ധിച്ചു ചില തടസങ്ങൾ നിലനിന്നതു ഏവർക്കും അറിവുള്ളതാണ്. അതേസമയം അതിരൂപതയിൽ നിലനിൽക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുതന്നെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി സിനഡിന്റെ തീരുമാനനുസരിച്ചു നടപ്പിലാക്കണമെന്നു പരിശുദ്ധ പിതാവും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും നമുക്കു നിർദ്ദേശങ്ങൾ നൽകിയിരുന്നു. “സിനഡ് നിശ്ചയിച്ചപ്രകാരം, വി. കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാൻ പിതൃസവിശേഷമായി ഉദ്ബോധിപ്പിച്ചുകൊണ്ടു ഞാൻ നിങ്ങൾക്കെഴുതുന്നു”, എന്നാണു പരിശുദ്ധ പിതാവ് നമ്മോടു സസ്നേഹം ആവശ്യപ്പെട്ടത്. അതുപോലെതന്നെ, നമ്മുടെ സഭയുടെ പശ്ചാത്തലത്തിൽ വൈവിധ്യങ്ങളും വ്യത്യസ്ത പാരമ്പര്യങ്ങളും മുറുകെപ്പിടിച്ച എല്ലാവരും ത്യാഗപൂർവം അവരവരുടെ ആരാധനാരീതികളിൽനിന്ന് ഒരു ചുവടു പിന്നോട്ടു വച്ചുകൊണ്ടു കൂട്ടായ്മയുടെ അടയാളം പ്രകടമാക്കിയതുവഴി രൂപപ്പെട്ടതാണു സിനഡുതീരുമാനിച്ച ഏകീകൃത അർപ്പണ രീതിയെന്നും പരിശുദ്ധ പിതാവു തന്റെ കത്തിൽ ചൂണ്ടികാട്ടുന്നു. അതിനാൽ, സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്തുന്നത്, “കർത്താവിങ്കലേയ്ക്കു നോക്കി, അവിടത്തെ ഉത്ക്കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവിടത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ചനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം; അല്ലാതെ വിജയത്തിന്റെയോ പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരേ മറ്റൊന്ന് എന്ന മാനുഷികമാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്” എന്നും ഫ്രാൻസിസ് മാർപാപ്പ നമ്മെ ഓർമപ്പെടുത്തുന്നു.

ഈ പശ്ചാത്തലത്തിൽ, 2022 ഏപ്രിൽ 6, 7 തിയതികളിൽ അടിയന്തരമായി ഓൺലൈൻ വഴി സമ്മേളിച്ച സഭയുടെ സിനഡ് നമ്മുടെ അതിരൂപതയിൽ ഏകീകൃത വി. കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു. പരിശുദ്ധ പിതാവിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകിയ വ്യക്തമായ നിർദ്ദേശങ്ങൾ കണക്കിലെടുത്തും മേൽസൂചിപ്പിച്ച പ്രത്യേക സിനഡ് സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ വെളിച്ചത്തിലും നമ്മുടെ അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതു സംബന്ധിച്ചു നൽകുന്ന തീരുമാനങ്ങൾ താഴെപ്പറയുന്നവയാണ്:

1. സിനഡു തീരുമാനനുസരിച്ചുള്ള ഏകീകൃത വി. കുർബാനയർപ്പണരീതി നമ്മുടെ അതിരൂപതയിൽ 2022 ഏപ്രിൽ 10-ാം തീയതി ഓശാന ഞായർ മുതൽ നിലവിൽ വരുന്നതാണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഓശാന ഞായറാഴ്ച അതിരൂപതയുടെ കത്തീഡ്രൽ ബസലിക്കയിൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.
2. വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി നമ്മുടെ സഭയിൽ പൂർണമായി നടപ്പിലാക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 2022 ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ചയാണ്. അതിനകം നമ്മുടെ അതിരൂപതയിൽ വി. കുർബാനയർപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും സിനഡു തീരുമാന മനുസരിച്ചു വി. കുർബാനയർപ്പിക്കേണ്ടതാണ്.
3. പ്രത്യേക സാഹചര്യങ്ങളാൽ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ ഈസ്റ്റർ ഞായറാഴ്ചയോടുകൂടി ഏകീകൃത വി. കുർബാനയർപ്പണരീതി നടപ്പിലാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പൗരസ്ത്യകാനൻനിയമ സംഹിതയിലെ കാനൻ 1538 -1 പ്രകാരമുള്ള ഇളവ് (DISPENSATION) ലഭിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ പിതാവിനു നൽകേണ്ടതാണ്. അതിരൂപതാദ്ധ്യക്ഷനായ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ ഇളവുനൽകേണ്ട ഓരോ സ്ഥലത്തും അവിടത്തെ സാഹചര്യങ്ങൾ ക്കനുസരിച്ച് ആവശ്യമായ ബോധനം നൽകുന്നതിനു കൃത്യമായ സമയപരിധി നിശ്ചയിച്ച് മേജർ ആർച്ചബിഷപ്പിന്റെ വികാരി ഇളവ് അനുവദിക്കുന്നതാണ്.
4. ഈ സർക്കുലറിൽ ഞങ്ങൾ ഒപ്പുവയ്ക്കുന്നതോടെ മേജർ ആർച്ച് ബിഷപ്പിന്റെ വികാരി വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നമ്മുടെ അതിരൂപതയിൽ നടപ്പിലാക്കുന്നതിൽനിന്നു ഒഴിവു നൽകിക്കൊണ്ട് 2021 നവംബർ 26-നും 2022 ഏപ്രിൽ 6-നും നൽകിയ സർക്കുലറുകളും ഇതുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും നിയമപരമായി നിലനിൽക്കുന്നതല്ല.

പരിശുദ്ധ പിതാവിനോടുള്ള വിധേയത്വവും അനുസരണവും നമ്മുടെ സഭയുടെയും അതിരൂപതയുടെയും നാളിതുവരെയുള്ള ഇടമുറിയാത്ത പാരമ്പര്യമാണ്. അത് അഭംഗുരം പാലിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തിന്റെ ഭാഗംതന്നെയാണു റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതും. കത്തോലിക്കാസഭയുടെ കൂട്ടായ്മയിലുള്ള ഒരു വ്യക്തിസഭയെന്ന നിലയിൽ നമ്മുടെ സഭയുടെ സിനഡിനോടും മേലധികാരികളോടുമുള്ള ഐക്യത്തിന്റെ കൂട്ടായ്മയിലാണ് നമ്മുടെ സഭാജീവിതം ശക്തിപ്പെടേണ്ടത്. പരിശുദ്ധ പിതാവ് നമ്മോടു ആഹ്വാനംചെയ്ത കുരിശിലെ താഴ്ത്തപ്പെടലിന്റെ ആത്മീയപാഠങ്ങളോടൊപ്പം സഭാപരമായ ഈ ദർശനങ്ങളുടെ പിൻബലത്തിൽ നമ്മുടെ അതിരൂപതയിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതിനു വിശ്വാസപ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ എല്ലാവരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. ഉത്ഥിതനായ കർത്താവിന്റെ സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഹൃദയപൂർവം ഞങ്ങൾ ആശംസിക്കുന്നു.

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ്
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്

ആർച്ചബിഷപ് ആന്റണി കരിയിൽ
എറണാകുളം അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള
മേജർ ആർച്ച്ബിഷപ്പിന്റെ വികാരി

N.B.
1. ഈ സർക്കുലർ ഓശാന ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണ്.
2. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി 2022 മാർച്ച് 25-ന് നൽകിയ കത്ത് അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഉചിതമായ മറ്റൊരു ഞായറാഴ്ച വായിക്കേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.