ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) ബഹരാകാശ യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ ദൗത്യം നാളെ. ഏപ്രില്‍ 9ന് പുലര്‍ച്ചെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുമാണു വിക്ഷേപണം. ബഹിരാകാശ പേടക നിര്‍മാണ കമ്പനിയായ സ്‌പേസ് എക്‌സും ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്ന ആക്‌സിയോം സ്‌പേസും സഹകരിച്ച് നടപ്പാക്കുന്ന ആക്‌സ്-1 ദൗത്യത്തില്‍ മുതിര്‍ന്ന ബഹിരാകാശയാത്രികന്‍ ലോപസ് അലെഗ്രിയയും യുഎസ്, കാനഡ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ശതകോടീശ്വര സംരംഭകരുമാണുള്ളത്.
സ്‌പേസ് എക്‌സ് ഡ്രാഗണ്‍ എന്ന ബഹിരാകാശ പേടകത്തിലാണ് യാത്ര. എട്ട് ദിവസം ഐ.എസ്.എസില്‍ ചെലവഴിച്ച ശേഷമാകും സംഘം ഭൂമിയിലേക്ക് മടങ്ങുക. ഓരോരുത്തരും 55 ദേശലക്ഷം യുഎസ് ഡോളര്‍ യാത്രക്കായി നല്‍കി കഴിഞ്ഞു.
2001 ലാണ് സ്വകാര്യ ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തില്‍ എത്തിച്ചു തുടങ്ങിയത്. യുഎസ് ശതകോടീശ്വരന്‍ ഡെന്നിസ് ടിറ്റോ ആയിരുന്നു ആദ്യ സ്വകാര്യ ബഹിരാകാശ വിനോദ സഞ്ചാര യാത്രികന്‍. സോയൂസ് ടി എം-32 ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ അദ്ദേഹം എട്ടു ദിവസക്കാലം അവിടെ ചിലവഴിച്ചു.
ബഹിരാകാശ ടൂറിസത്തിലേക്ക് കൂടുതല്‍ സ്വകാര്യ കമ്പനികള്‍ കടന്നുവരുന്നതോടെ ഐ.എസ്.എസ് ഒരു വിനോദകേന്ദ്രത്തോടൊപ്പം കൊമേഴ്ഷ്യല്‍ സ്ഥലമായി മാറുമെന്നു നാസയുടെ കൊമേഴ്‌സ്യല്‍ സ്‌പേസ് ഫ്‌ലൈറ്റ് ഡിവിഷന്‍ ഡയറക്ടര്‍ ഫില്‍ മക്അലിസ്റ്റര്‍ പറഞ്ഞു. എന്നാല്‍ ആക്‌സ് - 1 ദൗത്യത്തിന്റെ കമാന്‍ഡര്‍ ലോപസ് അലെഗ്രിയ പറയുന്നത് തന്നോടൊപ്പമുള്ള ക്രൂ ടൂറിസ്റ്റുകളല്ല ബഹിരാകാശയാത്രികരാണ് എന്നാണ്. മൂന്ന് ബഹിരാകാശ പേടക ദൗത്യങ്ങളില്‍ പങ്കെടുക്കുകയും 2006 ല്‍ ആറ് മാസം ഐഎസ്എസില്‍ ചെലവഴിക്കുകയും ചെയ്ത ബഹിരാകാശയാത്രികനാണ് ആക്‌സിയോമിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ്കൂടിയായ ലോപസ് അലെഗ്രിയ.
700 മണിക്കൂര്‍ പരിശീലനമാണ് ക്രൂ അംഗങ്ങള്‍ക്കായി ആക്‌സിയോം സ്‌പേസ് നല്‍കിയത്. ഇതില്‍ ആദ്യ പരിശീലനം ബഹിരാകാശയാത്രിക പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ളതും തുടര്‍ന്ന് ബഹിരാകാശ നടത്തം പോലെ ഉള്ളവയ്ക്കുമായിരുന്നു.
ഐ.എസ്.എസിലേക്ക് ആക്‌സിയോം ആസൂത്രണം ചെയ്ത നാല് ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ഇത്. ഈ വര്‍ഷം പകുതിയോടെയോ ആടുത്ത വര്‍ഷം ആദ്യമോ രണ്ടാം ദൗത്യം വിക്ഷേപിക്കും. ഇതിലും എട്ടു ദിവസമാണ് ബഹിരാകാശത്ത് തങ്ങാന്‍ സഞ്ചാരികള്‍ക്ക് അവസരം ഉള്ളത്. 2023 ന് ശേഷം ശേഷിക്കുന്ന രണ്ട് ദൗത്യങ്ങളും ആക്‌സിയോ ആസൂത്രണം ചെയ്യും. 30 ദിവസം ഐ.എസ്.എസില്‍ ചെലവഴിക്കും വിധമാണ് ഈ ദൗത്യങ്ങള്‍ ക്രമീകരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ ഒരു വാണിജ്യ വിഭാഗത്തില്‍ ഒരാളെ സ്ഥിരമായി നിയമിക്കുന്നതിനും ആക്‌സിയോം പദ്ധതിയിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.