ഒരുമയോടെ മെൽബൺ രൂപത; അഭിമാനത്തോടെ വിശുദ്ധ വാരത്തിലേക്ക്

ഒരുമയോടെ മെൽബൺ രൂപത; അഭിമാനത്തോടെ വിശുദ്ധ വാരത്തിലേക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയ്ക്ക് സ്വന്തമായി ഒരു മെത്രാനും രൂപത സംവിധാനങ്ങളും നിലവില്‍ വന്നതിനു ശേഷമുള്ള ഒന്‍പതാമത് ഈസ്റ്റര്‍ തിരുനാളിനാണ് രൂപത സമൂഹം ഒരുങ്ങുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ കൈവരിച്ച ശ്രദ്ധേമായ വളര്‍ച്ചയും ഉന്നതമായ ആത്മീയതയും പുതിയ കുര്‍ബാന അര്‍പ്പണ രീതി ഒത്തൊരുമയോടെ സ്വീകരിച്ചതുമെല്ലാം പകര്‍ന്നു നല്‍കുന്ന അഭിമാനബോധത്തോടെയാണ് വിശ്വാസികള്‍ വലിയ ആഴ്ച്ചയിലേക്ക് പ്രവേശിക്കുന്നത്.


ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

ബ്രിസ്ബന്‍, അഡ്‌ലെയ്ഡ്, പെര്‍ത്ത്, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ഇതിനോടകം രൂപതയ്ക്ക് സ്വന്തമായി ദേവാലയങ്ങള്‍ നിലവില്‍ വന്നു. ഇടവക സമൂഹം സ്ഥലം വാങ്ങി പണികഴിപ്പിച്ച ദേവാലയങ്ങളാണ് പെര്‍ത്തിലും മെല്‍ബണ്‍ വെസ്റ്റിലുമുള്ളത്. തദ്ദേശീയ ദേവാലയമോ കെട്ടിടമോ വാങ്ങി പുനര്‍നിര്‍മിച്ചതാണ് ബ്രിസ്ബനിലും അഡ്‌ലെയ്ഡിലുമുള്ളത്.


മെൽബൺ വെസ്റ്റിലെ സെന്റ് മേരീസ് ദേവാലയം

മെല്‍ബണില്‍ രൂപത കത്തീഡ്രല്‍ ദേവാലത്തിന്റെയും മെല്‍ബണ്‍ സൗത്ത് ഈസ്റ്റില്‍ മറ്റൊരു ദേവാലത്തിന്റെയും നിര്‍മാണം പുരോഗമിക്കുന്നു.

2014-ല്‍ രൂപത സ്ഥാപിതമാകുമ്പോള്‍ ഓസ്‌ട്രേലിയയില്‍ സ്വന്തമായി പള്ളിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്ന സിറോ മലബാര്‍ സമൂഹം 13 ഇടവകകളും 28 മിഷനുകളുമായി വളര്‍ച്ചയുടെ പാതയിലാണ്. ഇതിനു പുറമേ ന്യൂസിലന്‍ഡില്‍ പതിനഞ്ചോളം മിഷന്‍ സെന്ററുകളുമുണ്ട്.

കേരളത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള വിശ്വാസികളും വൈദികരുമാണ് ഓസ്‌ട്രേലിയയിലുള്ളത്. എങ്കിലും വിശ്വാസത്തിലും കുര്‍ബാനയര്‍പ്പണത്തിലുമെല്ലാം ഒത്തൊരുമയും യോജിപ്പും എല്ലാ ഇടവക കേന്ദ്രങ്ങളിലും കൈവരിക്കാനായി. പരിശുദ്ധ പിതാവും മെത്രാന്‍ സിനഡും നിര്‍ദേശിച്ച കുര്‍ബാനയര്‍പ്പണവും ആരാധനാ രീതികളും രൂപതയിലെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും ഒത്തൊരുമയോടെ നടപ്പാക്കാനായത് രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പൂത്തൂരിന്റെയും വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയുടെയും അത്മീയ നേതൃത്വ മികവായി വിലയിരുത്തപ്പെടുന്നു.

ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഓശാന ഞായറാഴ്ച്ച ആലീസ് സ്പ്രിങ്‌സിലെ സെന്റ് മേരീസ് മിഷന്‍ സെന്ററില്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പെസഹാ വ്യാഴാഴ്ച്ച ഡാര്‍വിനിലെ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കും തിരുകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കും.

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ദുഃഖവെള്ളി കര്‍മങ്ങള്‍ക്കും ഈസ്റ്റര്‍ ദിന ദിവ്യബലിക്കും അദ്ദേഹം നേതൃത്വം നല്‍കും.

ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വെഞ്ചിരിച്ച പെര്‍ത്തിലെ സെന്റ് ജോസഫ് ദേവാലത്തിന്റെ കൂദാശ കര്‍മത്തിനായി മേയ് ഒന്നിന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ പെര്‍ത്തിലെത്തും.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടുത്ത കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം മാര്‍ ബോസ്‌കോ പുത്തൂരിന് നേരത്തെ എത്തിച്ചേരാന്‍ സാധിക്കാതിരുന്നതിനാല്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസിന്റെ നേതൃത്വത്തില്‍ ദേവാലയവും ഹാളും വൈദിക മന്ദിരവും വെഞ്ചിരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മേയ് ഒന്നിന് ആഘോഷപൂര്‍വമായ കൂദാശകര്‍മം നടക്കും.


പെര്‍ത്തിലെ സെന്റ് ജോസഫ് ദേവാലയം

ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു മെൽബൺ വെസ്റ്റിലെ സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശകര്‍മം നടന്നത്. ബിഷപ്പ് ബോസ്‌കോ പുത്തൂരിനു പുറമേ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ഇടവക വികാരി ഫാ. സെബാസ്റ്റിയന്‍ മണ്ടപത്തില്‍, ഫാ. അബ്രാഹം നടുകുന്നേല്‍, മോണ്‍. ജോ ടെയ്‌ലര്‍, ജയ്‌സണ്‍ പീറ്റര്‍വുഡ് എം.പി, മേയര്‍ ഗോറന്‍ കെസിക് തുടങ്ങിയ നിരവധി പ്രമുഖരും മെല്‍ബണിലെ വിശ്വാസ സമൂഹവും പങ്കെടുത്തു.

രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. കുട്ടികള്‍ക്കായുള്ള വിശ്വാസ പരിശീലനം, യുവജനങ്ങള്‍ക്കായുള്ള സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം), മാതൃവേദി, നഴ്‌സസ് മിനിസ്ട്രി, കാത്തലിക് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ രൂപത മുഴുവനും പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ സാധിച്ചു.

വിവാഹത്തിനു മുന്നൊരുക്കമായി യുവജനങ്ങള്‍ക്കായുള്ള പ്രീമാര്യേജ് കോഴ്‌സുകളും ഇതിനോടകം രൂപതയില്‍ നടത്തുകയുണ്ടായി.

രൂപതയിലെ എല്ലാ ഇടവകകളിലും മിഷന്‍ സെന്ററുകളിലും പാരിഷ് സെയ്ഫ് ഗാര്‍ഡിംഗ് ഓഫീസര്‍മാരും സേവനം ചെയ്യുന്നുണ്ട്. രൂപതാ തലത്തില്‍ സെയ്ഫ് ഗാര്‍ഡിംഗ് കോ-ഓര്‍ഡിനേഷന്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ ആത്മീയ അധികാര പരിധി ഓസ്‌ട്രേലിയയ്ക്കു പുറമേ ഏഷ്യാനയിലേക്കും ന്യൂസിലന്‍ഡിലേക്കും വ്യാപിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.