കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിച്ചു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍.
രാവിലെ മുതൽ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിനോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ നടന്നു.
ദേവാലയങ്ങളിലെ വെഞ്ചരിച്ച കുരുത്തോലകൾ കൈമാറിയും ഓശാന ഗീതങ്ങൾ ആലപിച്ചും നടന്ന തിരുകർമ്മങ്ങളോടെ ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കർദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പരിഷ്കരിച്ച കുര്‍ബാന അര്‍പ്പിച്ചു. തുടർന്ന് പള്ളിക്ക് ചുറ്റും കുരുത്തോല പ്രദക്ഷിണവും നടന്നു.
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷമായി ഓശാന ഞായർ ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ വളരെ ചെറിയ രീതിയിലാണ് ദേവാലയങ്ങൾ നടത്തപ്പെട്ടിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഓശാന തിരുക്കർമ്മങ്ങൾക്ക് ദേവാലയങ്ങളിൽ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥനാദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിന്‍റെ ഉയിർത്തെഴുന്നേൽപിന്‍റെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധ വാരം പൂർത്തിയാകും.
പകൽ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ് ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.