കണ്ണൂര്‍: രാജ്യത്ത് സംഘപരിവാര്‍ ഫാസിസം പിടിമുറുക്കുമ്പോഴും മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് മൗനത്തിലാണെന്ന വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് അനുമതി നല്‍കാത്ത കോണ്‍ഗ്രസിനെ യെച്ചൂരി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മത നിരപേക്ഷതയോടൊപ്പം ആണോ അല്ലയോ എന്ന് രാജ്യത്തോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ബദലായി ജനം കാണുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കടന്നാക്രമിക്കാനും യെച്ചൂരി മറന്നില്ല. ബിജെപി-ആര്‍എസ്എസ് സംവിധാനം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമയ അവകാശങ്ങളെ പൂര്‍ണമായും കവര്‍ന്നെടുക്കുന്നതും ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതുമാണ്.
ഇത് ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഈ സമയത്ത് മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സമാപന സമ്മേളനത്തില്‍ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ മടിച്ചില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധത വലിയ തോതില്‍ കൊണ്ടു നടക്കുന്ന ചില ശക്തികള്‍ ഇപ്പോഴും നാട്ടിലുണ്ട്. എന്നാല്‍ അത് പഴയ നിലയിലല്ല. ആ ശക്തികള്‍ക്ക് മാറാന്‍ സാധിക്കുന്നില്ലെന്നും അവരെ വിശ്വസിക്കുന്ന നിലയില്‍ നിന്ന് കേരളം മാറിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിയായി തിരിച്ചറിയാന്‍ ഇന്ന് സാധിക്കുന്നുണ്ട്. എങ്കിലും പറ്റുന്നത്ര തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്. ഈ കാര്യത്തില്‍ സമ്മേളന നടപടികള്‍ ആരംഭിക്കുന്ന ഘട്ടം മുതല്‍ ഈ തരത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ഒരേ സമയം മാര്‍ക്സിസ്റ്റ് വിരുദ്ധവും എല്‍ഡിഎഫ് വിരുദ്ധവുമായ റോള്‍ വഹിക്കണമെന്ന് ചിലര്‍ക്ക് വലിയ നിര്‍ബന്ധമാണെന്നും അതിന്റെ ഭാഗമായാണ് വിവിധ ചേരികള്‍ ഉണ്ടെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വൊളന്റിയര്‍ മാര്‍ച്ചോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വൈകിട്ട് നാലിന് ഇ.കെ നായനാര്‍ അക്കാഡമിയില്‍ നിന്നു പൊതുസമ്മേളന വേദിയായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലേക്കായിരുന്നു റെഡ് വൊളന്റിയര്‍ മാര്‍ച്ച്.
രണ്ടായിരത്തോളം വൊളന്റിയര്‍മാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പൊതുസമ്മേളനത്തിലും നിരവധി പേര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുറന്ന വാഹനത്തിലാണ് സമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇതിനിടെ സമ്മേളന വേദിയില്‍ കുഴഞ്ഞു വീണ കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി. ജോസഫൈന്റെ വിയോഗത്തില്‍ സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി പ്രമേയം പാസാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.