കാന്‍ബറ: തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഓസ്‌ട്രേലിയ. അടുത്ത മൂന്ന് വര്‍ഷം ഓസ്ട്രേലിയയുടെ ഭരണചക്രം ആരു തിരിക്കുമെന്ന് അറിയാനുള്ള ഫെഡറല്‍ തെരഞ്ഞെടുപ്പ് മേയ് 21-ന് നടക്കും. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച രാവിലെ കാന്‍ബറയിലെത്തി ഗവര്‍ണ്ണര്‍ ജനറലിനെ കണ്ട ശേഷമാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആറ് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് രാജ്യത്ത് തുടക്കമായി. ഇക്കുറിയും സ്‌കോട്ട് മോറിസണും പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസും പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാവിലെ സിഡ്‌നിയില്‍നിന്ന് കാന്‍ബറയിലെത്തിയ സ്‌കോട്ട് മോറിസണ്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലിയെ സന്ദര്‍ശിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ശിപാര്‍ശ നല്‍കിയിരുന്നു. പിന്നീട് പാര്‍ലമെന്റ് ഓഫീസിലെത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസ്
ജനപ്രതിനിധി സഭയിലെ 151 ഇലക്ട്രേറ്റുകളിലേക്കും സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് മേയ് 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിലെ കക്ഷിനില പ്രകാരം ലിബറല്‍ സഖ്യത്തിന് 76 സീറ്റുകളും ലേബര്‍ പാര്‍ട്ടിക്ക് 68 സീറ്റുകളും ഗ്രീന്‍സ് പാര്‍ട്ടിക്ക് ഒരു സീറ്റും മൂന്ന് സ്വതന്ത്ര എം.പിമാരുമാണ് പാര്‍ലമെന്റിലുള്ളത്.
2013 മുതല്‍ ലിബറല്‍ സഖ്യമാണ് ഓസ്‌ട്രേലിയയില്‍ ഭരണത്തില്‍ തുടരുന്നത്. ഇത്തവണ ലിബറല്‍ അധികാരത്തിലെത്തിയാല്‍ 2004-നു ശേഷം തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടത്തിന് സ്‌കോട്ട് മോറിസണ്‍ അര്‍ഹനാകും.
ഏറെ നാള്‍ അധികാരം ലഭിക്കാതിരുന്ന ലേബര്‍ പാര്‍ട്ടിക്ക് ഇത്തവണത്തെ ഫെഡറല്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 2019 ലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി തലപ്പത്ത് എത്തിയ ആന്റണി അല്‍ബനിസിയുടെ നേതൃത്വത്തിലാണ് ലേബര്‍ അങ്കത്തിനൊരുങ്ങുന്നത്.
ഓസ്‌ട്രേലിയയുടെ 31-മത് പ്രധാന മന്ത്രിസ്ഥാനത്തേക്കാണ് ഇക്കുറി മത്സരം നടക്കുന്നത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ നടത്തിയ പ്രസംഗത്തില്‍ കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മഹാമാരിക്കാലത്ത് ലിബറല്‍ സഖ്യം സാമ്പത്തിക മേഖലയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തുവെന്ന് സ്‌കോട്ട് മോറിസണ്‍ അവകാശപ്പെട്ടു.
തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാം തികഞ്ഞതാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ലെന്നും അതേസമയം പിഴവുകളുണ്ടെങ്കിലും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങളില്‍ ഓസ്ട്രേലിയയെ എങ്ങനെ നയിച്ചു എന്ന് നിങ്ങള്‍ക്ക് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സമീപ കാലത്ത് മറ്റ് രാജ്യങ്ങള്‍ അഭിമുഖികരിച്ച പേടിസ്വപ്നങ്ങളൊന്നും ഓസ്‌ട്രേലിയ നേരിട്ടില്ലെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മയിലുണ്ടായ കുറവ്, സാമ്പത്തിക രംഗത്തെ നടപടികള്‍, റഷ്യ-ഉക്രെയ്ന്‍ നിലപാടുകള്‍ തുടങ്ങിയവയൊക്കെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26