ബ്രിട്ടണ്‍: അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്കു ജീവനക്കാരെ അന്വേഷിച്ച് ബ്രിട്ടീഷ് ജീവകാരുണ്യ സംഘടനായ യു.കെ അന്റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റ്. ലോകത്തെ ഏറ്റവും വിദൂര പോസ്റ്റ് ഓഫീസുകളില്‍ ഒന്നായ അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് അഞ്ചുമാസ കാലയളവിലേക്കായാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാമര്‍ ദ്വീപസമൂഹത്തിലെ ഗൗഡിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്റോയ് പോസ്റ്റ് ഓഫീസ്, മ്യൂസിയം, ഗിഫ്റ്റ് ഷോപ്പ് എന്നിവിടങ്ങളില്‍ അഞ്ച് മാസം ചെലവഴിക്കണം.
ബേസ് ലീഡര്‍, ഷോപ്പ് മാനേജര്‍, ജനറല്‍ അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലേക്കാണ് അവസരമുള്ളത്.
അന്റാര്‍ട്ടിക്കയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രമാണ് പോര്‍ട്ട് ലോക്‌റോയ്. അവിടെ വര്‍ഷാവര്‍ഷം 18,000-ത്തോളം സന്ദര്‍ശകരായി എത്താറുണ്ട്. എന്നാല്‍ കോവിഡിന്റെ വരവോടെ രണ്ടുവര്‍ഷമായി ആരും എത്തിയിട്ടില്ല.
ഈ നിയമനത്തിലേക്കായി എല്ലാ വര്‍ഷവും നൂറിലധികം അപേക്ഷകള്‍ ലഭിക്കാറുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് അന്റാര്‍ട്ടിക്കയിലെ ഈ പ്രദേശം തുറക്കുന്നത്. യു.കെ അന്റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റിനാണ് അന്റാര്‍ട്ടിക്കയിലെ ചരിത്ര കെട്ടിടങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണ ചുമതല.
2022 നവംബര്‍ മുതല്‍ മാര്‍ച്ച് 2023 വരെയുള്ള കാലയളവിലേക്കാണ് പോസ്റ്റ് ഓഫീസിലെത്തി ജോലി ചെയ്യേണ്ടത്. ജോലി ലഭിച്ചാല്‍, ബ്രിട്ടിഷ് അന്റാര്‍ട്ടിക് സര്‍വേയ്ക്ക് വേണ്ടി പെന്‍ഗ്വിന്‍, മറ്റ് അന്റാര്‍ട്ടിക് ജീവജാലങ്ങള്‍ എന്നിവയുടെ എണ്ണമെടുക്കണം. അവിടെയുള്ള ഓഫീസും ഷോപ്പും പരിപാലിക്കുകയും വേണം. അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ഒരു സീസണില്‍ 80000 കത്തുകളാണ് ലഭിക്കുക. യു.കെയില്‍ ജോലി ചെയ്യാന്‍ അനുമതിയോ വിസയോ ഉള്ളവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാന്‍ പറ്റുന്നത്.
അന്റാര്‍ട്ടിക്കയിലെ അതിതീവ്രമായ താപനിലയില്‍ കഴിയുന്നത് തീര്‍ത്തും കഠിനമായ കാര്യമാണ്. വേനലായാല്‍ താപനില 50 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ എത്തിയേക്കും. തണുത്ത കാറ്റ് വീശുമ്പോള്‍ മരവിച്ചുപോകുന്ന അവസ്ഥയുമുണ്ടാകും. അതിനാല്‍, ജോലിക്ക് അപേക്ഷിക്കുന്നവര്‍ ശാരീരിക ക്ഷമതയും, പാരിസ്ഥിതികമായ അറിവും ഉള്ളവരായിരിക്കണം.
ഇതുകൂടാതെ, ടാപ്പ് വെള്ളമോ, ഇന്റര്‍നെറ്റോ ഇല്ലാതെ ജീവിക്കാനും തയ്യാറാകണം. വൈദ്യുതിയും പരിമിതമായിരിക്കും. എങ്കിലും അവിടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പെന്‍ഗ്വിനുകളുമൊത്തുള്ള സഹവാസവുമൊക്കെ ഒരുപക്ഷേ അന്റാര്‍ട്ടിക്ക ജീവിതം ആഹ്ലാദകരമാക്കിയേക്കാം.
അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 25-ആണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈ വര്‍ഷം ഒക്ടോബറില്‍ കേംബ്രിഡ്ജില്‍ ഒരാഴ്ചത്തെ പരിശീലനവും ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.