ദുബായ് പോലീസിന്റെ ആദരം മലയാളിയായ ബിജു കെ ബേബിക്ക്

ദുബായ് പോലീസിന്റെ ആദരം മലയാളിയായ ബിജു കെ ബേബിക്ക്

ലോകം ഉറ്റുനോക്കിയ എക്സ്പോയുടെ സുരക്ഷാ ചുമതലയുള്ള ബ്രോൺസ് കമാൻഡിലെ സ്തുത്യർഹ സേവനത്തിനുള്ള ആദരമാണ് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മെറിയിൽനിന്നും ബിജു ഏറ്റുവാങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ്, സൈനിക മേഖലകളിൽ പരിശീലനം നേടി കഴിവ് തെളിയിച്ചവരെ പ്രത്യേകം കണ്ടെത്തി രൂപീകരിച്ച 70 അംഗ ബ്രോൺസ് കമാൻഡിലെ ഏക മലയാളികൂടിയാണ് ചങ്ങനാശേരി പെരുംതുരുത്തി കുന്നേൽ തൂമ്പുങ്കൽ ബിജു കെ ബേബി (45).

ദുബായ് പോലീസ് ഓഫിസേഴ്സ് ക്ലബ്ബിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ദുബായ് പോലീസ് ചീഫിനെ കൂടാതെ ദുബായ് പോലീസ് അസിസ്റ്റന്റ് കമാൻഡന്റുമാർ, കൗൺസിൽ അംഗങ്ങൾ, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ബ്രോൺസ് കമാൻഡ് അംഗങ്ങൾ, മറ്റു മേഖലകളിലെ പ്രമുഖർ എന്നിവരെല്ലാം പങ്കെടുത്തു.

എക്സ്പോ എന്ന ആഗോള വേദിയെയും അതിലെ സന്ദർശകരെയും സുരക്ഷിതരാക്കുന്നതിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രയത്‌നങ്ങളെയും തങ്ങളെ ഏൽപ്പിച്ച ജോലികൾ പൂർണ്ണമായി നിർവഹിക്കാനുള്ള അവരുടെ ഉത്സാഹത്തെയും ലെഫ്റ്റനന്റ് ജനറൽ അൽ മാരി പ്രശംസിച്ചു.

ആഗോള ഇവന്റ് വിജയകരമാക്കാൻ വിവിധ ടീമുകളുടെ ശ്രമങ്ങളെയും അവരുടെ വിജയകരമായ ആശയവിനിമയത്തെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.

ഊട്ടിയിലെ മദ്രാസ് റെജിമെന്റൽ സെന്റർ, തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാംപ്, ബൽഗാം മറാത്താ ലൈറ്റ് ഇൻഫന്ററി റെജിമെന്റൽ സെന്റർ എന്നിവിടങ്ങളിലെല്ലാം സൈനിക പരിശീലനം നേടിയിട്ടുള്ള ബിജു കേരളാ പോലീസിൽ "സ്പെഷ്യൽ പോലീസ് ഓഫിസറായും" സേവനമനുഷ്ഠിച്ചിട്ടുണ്ട്. പറന്നുകൊണ്ടിരിക്കുന്ന ഹെലികോപ്റ്ററിൽനിന്നും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി റോപ്പ് വഴി താഴേക്ക് ഊർന്നിറങ്ങുന്ന സ്ലിതെറിങ്ങിലും, ബയോനെട് ഫൈറ്റിംഗ്, കരാട്ടെ, കമാൻഡോ ട്രെയിനിങ്ങിലും പ്രത്യേക പരിശീലനവും പ്രാവീണ്യവും നേടിയിട്ടുള്ള വ്യക്തികൂടിയാണ് ബിജു. കൂടാതെ ബ്രിട്ടൺ, അയർലണ്ട്, മലേഷ്യ, ആംസ്റ്റർഡാം തുടങ്ങി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് അവരുടെ പരിശീലനങ്ങളിലും പങ്കാളിയായിട്ടുണ്ട്.

ലോകം ഇപ്പോൾ ഉറ്റുനോക്കുന്ന ഖത്തർ ആതിഥ്യമരുളുന്ന ഫിഫയിലേക്കുള്ള ക്ഷണം കിട്ടിയിട്ടുണ്ടെന്നും വിശദമായ അവലോകനത്തിനുശേഷം ഒരു തീരുമാനമെടുക്കുമെന്നും ബിജു പറഞ്ഞു.

എസ് ബി കോളേജ് ചങ്ങനാശേരിയിലെ പൂർവ്വവിദ്യാർത്ഥിയായ ബിജു 14 വർഷം മുൻപാണ് ദുബൈയിൽ എത്തിയത്. ജിഫോർ എസ് എന്ന സ്വകാര്യ സുരക്ഷാ സേനയുടെ നാഷനൽ കമാൻഡ് സെന്ററിന്റെ തലവനായിരുന്നു. തുടർന്നാണ് അദ്ദേഹം എക്സ്പോയിലെ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. "കമാൻഡോ" എന്ന് ഇൻഡസ്ട്രിയിൽ വിളിപ്പേരുള്ള അദ്ദേഹം "ഒയാസിസ്‌ കമാൻഡോസ്" എന്ന പേരിൽ ശാരീരീരിക ക്ഷമത ഇഷ്ടപ്പെടുന്നവർക്കുവേണ്ടി ഒരു ഫ്രീ ഫിറ്റ്നസ് ഗ്രൂപ്പും നടത്തുന്നുണ്ട്. ശാരീരീരിക ക്ഷമത വളരെ നന്നായി കാത്തുസൂക്ഷിക്കാനായി ദിവസേന 7 കിലോമീറ്റർ ഓട്ടം, പുഷ്-അപ്പ്, പുള്ള്-അപ്പ്, ചിൻ-അപ്പ് അങ്ങനെ 90 മിനിറ്റ് കടുത്ത വ്യായാമം - എത്ര തിരക്കുണ്ടെങ്കിലും അത് മുടക്കാറില്ല.

കേന്ദ്ര പൊലീസ് സേനയിലെ മുൻ ഉദ്യോഗസ്ഥൻ കെ.ജെ ബേബിയുടെയും കാവാലം എൻഎസ്എസ് സ്കൂളിലെ മുൻ അധ്യാപിക ലീലാമ്മയുടെയും മകനാണ്. ദുബായ് ഹോസ്പിറ്റലിൽ നഴ്സും അടൂർ കടമ്പനാട് വലിയവീട്ടിൽ കുടുംബാംഗവുമായ റോസിയാണ് ഭാര്യ. മക്കൾ: ക്രിസ്, കാതറിൻ. ഇരുവരും ദുബായ് അൽ വർക്ക ജെംസ് അവർ ഓൺ സ്കൂൾ വിദ്യാർഥികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.