സിഡ്‌നി: ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ സിനിമ ആര്‍.ആര്‍.ആര്‍ ഓസ്‌ട്രേലിയയിലും തരംഗം തീര്‍ക്കുന്നു. ബാഹുബലി സീരിസിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം ആര്‍.ആര്‍.ആര്‍ ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയയിലും വന്‍ വിജയമാണ് നേടിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എ.ബി.സി അടക്കമുള്ള ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലും വന്നുകഴിഞ്ഞു. തെലുങ്ക് ഭാഷയിലൊരുക്കിയ ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ ലോകവ്യാപകമായാണ് റിലീസ് ചെയ്തത്.
ഓസ്ട്രേലിയന്‍ ബോക്സ് ഓഫീസില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ വിദേശ ഭാഷാ ചിത്രമെന്ന അപൂര്‍വ നേട്ടമാണ് ആര്‍.ആര്‍.ആര്‍ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ആയി മൂന്നാം ആഴ്ച്ചയില്‍ ചിത്രം ആഗോള തലത്തില്‍ 1000 കോടി രൂപ ഗ്രോസ് കളക്ഷന്‍ പിന്നിട്ടിരുന്നു.
ഓസ്ട്രേലിയയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, മാര്‍ച്ച് 30ന് അവസാനിച്ച ആഴ്ചയില്‍ ആര്‍.ആര്‍.ആര്‍ 2.43 മില്യണ്‍ ഡോളര്‍ വരുമാനമാണു നേടിയത്. ഡിസി കോമിക്‌സ് കഥാപാത്രമായ ബാറ്റ്മാനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രം ദി ബാറ്റ്മാനാണ് തൊട്ടുമുന്നിലുള്ളത്-3.52 മില്യണ്‍ ഡോളര്‍.
സംവിധായകന്‍ രാജമൗലി
ഓസ്ട്രേലിയയിലുടനീളമുള്ള 133 കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്തു. ഓസ്ട്രേലിയയില്‍ രണ്ട് ആഴ്ച പിന്നിട്ടതോടെ മൊത്തം 3.02 ദശലക്ഷം ഡോളറാണു സ്വന്തമാക്കിയത്. ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിന് ലഭിക്കുന്ന ആദ്യത്തെ ഗംഭീര വരവേല്‍പ്പാണിത്. സാധാരണയായി ബോക്സ് ഓഫീസിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത് ഹോളിവുഡ് സിനിമകളാണ്.
അതേസമയം ചിത്രത്തിന്റെ നേട്ടത്തില്‍ അതിശയിക്കാനൊന്നുമില്ലെന്ന് ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്.എസ് രാജമൗലി എ.ബി.സിയോടു പറഞ്ഞു. നല്ല സിനിമകളെയും ഉള്ളടക്കത്തെയും ഓസ്ട്രേലിയ എപ്പോഴും രണ്ടു കൈയും നീട്ടി സ്വീകരിക്കാറുണ്ടെന്ന് രാജമൗലി പറഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ തങ്ങളുടേതായി അവര്‍ സ്വീകരിച്ചു. ഇന്ത്യന്‍ സിനിമയോടുള്ള അവരുടെ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ബോക്‌സ് ഓഫീസ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.ആര്‍.ആര്‍ സിനിമയിലെ മുഖ്യ അഭിനേതാക്കളായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണും
രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് മൂന്നു മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ട്. ആലിയ ഭട്ടാണ് നായിക.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് 'ആര്‍ആര്‍ആര്‍' കഥ പറഞ്ഞിരിക്കുന്നത്. രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഇന്ത്യ, ബള്‍ഗേറിയ, ഉക്രെയ്ന്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 550 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണചെലവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26