1429 അടി ഉയരം, ലോകത്തെ ഏറ്റവും മെലിഞ്ഞ കെട്ടിടത്തെക്കുറിച്ച് അറിയാം...!

1429 അടി ഉയരം, ലോകത്തെ ഏറ്റവും മെലിഞ്ഞ കെട്ടിടത്തെക്കുറിച്ച് അറിയാം...!

ലോകത്തെ ഏറ്റവും മെലിഞ്ഞ കെട്ടിടം ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ പൂര്‍ത്തിയായിരിക്കുകയാണ്. സ്റ്റീന്‍വേ ടവര്‍ എന്നാണ് കെട്ടിടത്തിന്റെ പേര്. 111 വെസ്റ്റ് 57ത് സ്ട്രീറ്റ് എന്നും ഇതിന് വിളിപ്പേരുണ്ട്. 1428 അടി ഉയരമുള്ള കെട്ടിടത്തില്‍ 84 നിലകളാണുള്ളത്. വീതി ആകട്ടെ 17.5 മീറ്റര്‍ മാത്രം. ഉയരവും വീതിയും തമ്മിലുള്ള അനുപാതം 24:1 ആണ്.
ഉയരത്തിന്റെ കാര്യത്തിലും ന്യൂയോര്‍ക്കില്‍ മൂന്നാം സ്ഥാനത്താണ് സ്റ്റീന്‍വേ ടവര്‍. വണ്‍ വേള്‍ഡ് ട്രേഡ് സെന്ററും, സെന്‍ട്രല്‍ പാര്‍ക്ക് ടവറുമാണ് ഉയരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍.

2013 ലാണ് മിഡ്ടൗണ്‍ മന്‍ഹാട്ടനില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ചര്‍ കമ്പനിയായ ഷോപ്പ് ആര്‍ക്കിടെക്റ്റാണ് കെട്ടിടത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. ജെ.ഡി.എസ് ഡെവലപ്‌മെന്റ്, പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ്‌സ് ഗ്രൂപ്പ്, സ്പ്രൂസ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവര്‍ക്കായിരുന്നു നിര്‍മ്മാണ ചുമതല.

ടവറിന്റെ 84 നിലകളിലുമായി ആകെ 60 അപ്പാര്‍ട്ട്‌മെന്റുകളാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ പ്രാരംഭ വില 7. 75 മില്യണ്‍ ഡോളറാണ് (58 കോടി രൂപ). 4500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളും കെട്ടിടത്തിലുണ്ട്. മൂന്നു നിലകളിലായാണ് ഏറ്റവും മുകളില്‍ പെന്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്ത് താരതമ്യേന വീതി കുറവാണ്. 66 മില്യന്‍ ഡോളറാണ് (501 കോടി രൂപ) പെന്റ്ഹൗസിന്റെ വില.

ദിശയും പ്രകാശത്തിന്റെ വിന്യാസവും മാറുന്നതനുസരിച്ച് വ്യത്യസ്ത നിറത്തില്‍ കാണപ്പെടുന്ന ടെറാക്കോട്ട ബ്ലോക്കുകളും ഗ്ലാസില്‍ നിര്‍മ്മിച്ച ഭിത്തികളും സ്റ്റീന്‍വേ ടവറിന്റെ ഫസാഡിന്റെ പ്രത്യേകതകളാണ്. വിശാലമായ സ്വിമ്മിംങ്പൂള്‍, പ്രൈവറ്റ് ഡൈനിംങ് റൂം, ഇരട്ടി ഉയരത്തിലുള്ള ഫിറ്റ്നെസ് സെന്റര്‍, ടെറസ് എന്നീ സൗകര്യങ്ങളും സ്റ്റീന്‍വേ ടവറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.