ചൈനീസ് സൈനിക താവളം; തെരഞ്ഞെടുപ്പ് ചൂടിനിടയിലും ഓസ്ട്രേലിയന്‍ മന്ത്രി സോളമന്‍ ദ്വീപുകളിലെത്തി

ചൈനീസ് സൈനിക താവളം; തെരഞ്ഞെടുപ്പ് ചൂടിനിടയിലും ഓസ്ട്രേലിയന്‍ മന്ത്രി സോളമന്‍ ദ്വീപുകളിലെത്തി

കാന്‍ബറ: ഓസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂട് പിടിക്കുമ്പോഴും അയല്‍ രാജ്യമായ സോളമന്‍ ദ്വീപുകളില്‍ ചൈന തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ഫെഡറല്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നു. നിലവില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളേക്കാള്‍ മുന്‍തൂക്കം നല്‍കിയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സോളമന്‍ വിഷയത്തെ കാണുന്നത്. ചൈനയുമായി ഒപ്പിടുന്ന സൈനിക കരാര്‍ സംബന്ധിച്ച ആശങ്ക അറിയിക്കാന്‍ ഫെഡറല്‍ മന്ത്രി ഇന്ന് സോളമന്‍ ദ്വീപുകളിലെത്തി. തെരഞ്ഞെടുപ്പ് കാലയളവില്‍ ഒരു മന്ത്രി വിദേശയാത്ര നടത്തിയത് അസാധാരണമായ സംഭവമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.


മന്ത്രി സെഡ് സെസെല്‍ജ

ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ആന്‍ഡ് പസഫിക് മന്ത്രി സെഡ് സെസെല്‍ജ ആണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സോളമന്‍ ദ്വീപുകളുടെ തലസ്ഥാനമായ ഹൊനിയാരയില്‍ എത്തിയത്. ആശങ്ക അറിയിക്കുന്നതിനൊപ്പം സോളമന്‍ ദ്വീപുകളുമായുള്ള ഓസ്ട്രേലിയയുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. ഇതിനു മുന്‍പ് ഓസ്ട്രേലിയയിലെ രണ്ട് ഉന്നത ഇന്റലിജന്‍സ് മേധാവികളും സോളമന്‍ ഐലന്‍ഡ്സ് സര്‍ക്കാരും തമ്മില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയുടെ സന്ദര്‍ശനം.

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിറ്ററിയില്‍നിന്നുള്ള സെനറ്റ് അംഗമായ സെഡ് സെസെല്‍ജ വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ പ്രചാരണ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാണ് സോളമന്‍ ദ്വീപുകളിലേക്കു പോയത്. തെരഞ്ഞെടുപ്പ് കാലത്ത് അന്താരാഷ്ട്ര സര്‍ക്കാരുകളുമായുള്ള നയതന്ത്ര ഇടപെടല്‍ ഒഴിവാറാണു പതിവ്. ഈ പതിവ് തെറ്റിച്ചാണ് മന്ത്രി ഇവിടെയെത്തിയത്.

ഓസ്ട്രേലിയ സോളമന്‍ ദ്വീപുകളുടെ നല്ല പങ്കാളിയായി തുടരുമെന്ന് ഹൊനിയാര വിമാനത്താവളത്തില്‍ എത്തിയ ശേഷം മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഓസ്ട്രേലിയന്‍ തീരത്തുനിന്ന് 2000 മൈല്‍ മാത്രം അകലെയുള്ള, ദക്ഷിണ പസിഫിക്കില്‍ സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപുകളും ചൈനയുമായി സുരക്ഷാ സഹകരണ കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും യുഎസും അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണ്.

പോലീസ്, സൈനിക സഹകരണത്തിനുള്ള കരാറെന്നാണു വ്യാഖ്യാനമെങ്കിലും ചൈന അവിടെ സൈനിക താവളം തുറന്നേക്കുമോ എന്നാണ് ഓസ്‌ട്രേലിയയുടെ ആശങ്ക. ഒപ്പുവയ്ക്കാന്‍ പോകുന്ന കരാറിലെ ചോര്‍ന്ന വിവരം അനുസരിച്ച് സോളമന്‍ ദ്വീപുകളിലെ സുരക്ഷാ കാര്യങ്ങളില്‍ സഹായിക്കാന്‍ ചൈനയുടെ പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എത്തും. ചൈനയുടെ കപ്പലുകളുടെ ഇടത്താവളമായും സോളമന്‍ ദ്വീപുകള്‍ മാറും.

മന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഈ അടിയന്തര നയതന്ത്ര ദൗത്യത്തെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് സൂചന.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധിയും കരാര്‍ സംബന്ധിച്ച ആശങ്ക അറിയിക്കാന്‍ ദ്വീപ് രാജ്യത്തെത്തുന്നുണ്ട്. ഇന്‍ഡോ-പസഫിക് മേഖലയിലെ യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്ററായ കുര്‍ട്ട് കാംപ്ബെല്ലാണ് സോളമന്‍ ദ്വീപുകളില്‍ സന്ദര്‍ശനത്തിനെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.