ഇന്ത്യയുടെ ചരിത്രം അറിയാം; ഡല്‍ഹിയിലെ മ്യൂസിയം മോഡി ഇന്ന് ഉദ്ഘാടനം ചെയ്യും

 ഇന്ത്യയുടെ ചരിത്രം അറിയാം; ഡല്‍ഹിയിലെ മ്യൂസിയം മോഡി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന മ്യൂസിയമാണിത്.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംങ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകള്‍, എന്നിവയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥയും മ്യൂസിയത്തിലുണ്ട്. രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന 'ധര്‍മ്മ ചക്രമേന്തിയ കൈകള്‍' ആണ് ലോഗോ.

ഇന്ത്യന്‍ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങളും നേതാക്കള്‍ക്ക് ലഭിച്ച ഉപഹാരങ്ങള്‍, സ്മരണികകള്‍, പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങള്‍, അവരുടെ ജീവിതം, ഇന്ത്യന്‍ രാഷ്ട്രീയ ഗതി വിഗതികള്‍ക്ക് രൂപം നല്‍കിയ വിവിധ ആശയങ്ങള്‍ തുടങ്ങി 43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്.

കൂടാതെ വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദര്‍ശനവുമുണ്ട്. നെഹ്‌റുവിന്റെ പേരില്‍ അറിയപ്പെടുന്ന തീന്‍മൂര്‍ത്തി ഭവന്‍ വളപ്പില്‍ 10,000 ചതുരശ്ര അടി വിസ്തൃതിയില്‍ 271 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് പ്രധാനമന്ത്രി സംഗ്രഹാലയം.

ആദ്യകാലത്ത് ബ്രിട്ടീഷ് സേനാ മേധാവിയുടെ ആസ്ഥാനമായിരുന്ന തീന്‍മൂര്‍ത്തി ഭവന്‍ 1947ന് ശേഷം പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായി. നെഹ്‌റു മ്യൂസിയം, ലൈബ്രറി, നെഹ്‌റു പ്‌ളാനറ്റേറിയം എന്നിവ ഇവിടെയുണ്ട്. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയാണ് പ്രധാനമന്ത്രി സംഗ്രഹാലയയുടെ സൂത്രധാരന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.