ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ ഉണ്ടായ വെടിവയ്പ്പില്‍ നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി അറസ്റ്റില്‍. ഫിലാഡല്‍ഫിയ സ്വദേശി ഫ്രാങ്ക് റോബേര്‍ട്ട് ജെയിംസ് (62) എന്ന കറുത്ത വംശജനെയാണ് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. മാന്‍ഹട്ടനിലെ ഈസ്റ്റ് വില്ലേജ് പരിസരത്ത് ബുധനാഴ്ച ഉച്ചയോടെ പെട്രോളിംഗ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.
സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ജെയിംസാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാന്‍ഹട്ടന്റെ ലോവര്‍ ഈസ്റ്റ് സൈഡിലെ മക്‌ഡൊണാള്‍ഡ്‌സില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെ എത്തിയെങ്കിലും പ്രതി കടന്നു കളഞ്ഞു. പിന്നീട് മാന്‍ഹട്ടിലെ വില്ലേജ് സ്ട്രീറ്റില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്.
വെടിവെയ്പ്പിന്റെ ഉദ്ദേശ്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കാന്‍ മനപൂര്‍വ്വ ശ്രമം നടത്തിയതിനും കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെ വെടി ഉതിര്‍ത്തതിനും തീവ്രവാദ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ബ്രയോണ്‍ പീസ് പറഞ്ഞു. ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റമാണ്.
1992 മുതല്‍ 1998 വരെ ന്യൂയോര്‍ക്കില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ ജയിംസ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കവര്‍ച്ച, കൊലപാകശ്രമം, ബലാത്സംഗം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഇക്കാലയളില്‍ ഒന്‍പത് കേസുകള്‍ ജെയിംസിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു തവണ ന്യൂജയ്‌സില്‍ അതിക്രമിച്ച് കടന്നതിനും അക്രമണങ്ങള്‍ അഴിച്ചുവിട്ടതിനും മൂന്ന് കേസുകള്‍ വേറെയുണ്ട്. ഇതിലും ജെയിംസ് അറസ്റ്റിലായിരുന്നു. ജെയിംസിനെ നാളെ കോടതിയില്‍ ഹാജരാക്കും.
ബ്രൂക്ലിനിലെ സണ്‍സെറ്റ് പാര്‍ക്ക് പരിസരത്തുള്ള 36-ാമത് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനിന് നേരെയാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ അഞ്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു. തീവ്രവാദ സ്വഭാവമുള്ള ആക്രമണം ആയിരുന്നതിനാല്‍ പ്രദേശത്തും ന്യൂയോര്‍ക്ക് നഗരത്തിന് ചുറ്റുമുള്ള സബ് വേ സ്റ്റേഷനുകളിലും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.