ഈസ്റ്റര്‍ അവധി: സിഡ്‌നി വിമാനത്താവളത്തില്‍ അഭൂതപൂര്‍വമായ തിരക്ക്; പ്രതിസന്ധിയായി ജീവനക്കാരുടെ കുറവ്

ഈസ്റ്റര്‍ അവധി: സിഡ്‌നി വിമാനത്താവളത്തില്‍ അഭൂതപൂര്‍വമായ തിരക്ക്; പ്രതിസന്ധിയായി ജീവനക്കാരുടെ കുറവ്

സിഡ്‌നി: രണ്ടു വര്‍ഷത്തോളം കോവിഡ് മഹാമാരി തീര്‍ത്ത അനിശ്ചിതാവസ്ഥയ്ക്കുശേഷം, ഈസ്റ്ററിനോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക്. ഇന്നു പുലര്‍ച്ചെ നാലു മണിക്ക് സിഡ്‌നി വിമാനത്താവളം തുറന്നതു മുതല്‍ യാത്രക്കാരുടെ നീണ്ട ക്യൂ പ്രധാന വാതിലിനു പുറത്തേക്കു നീണ്ടു. മണിക്കൂറുകളോളമാണ് യാത്രക്കാര്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വന്നത്. വിമാന സര്‍വീസുകള്‍ വൈകാനും ഇതു കാരണമായി.

ആഭ്യന്തര ടെര്‍മിനലുകളില്‍ ഇന്ന് മാത്രം 82,000 പേരെത്തുെമന്നായിരുന്നു പ്രവചനം. കോവിഡിനു ശേഷമുള്ള ഏറ്റവും തിരക്കേറിയ ദിവസത്തിനാണ് ജീവനക്കാരും യാത്രക്കാരും സാക്ഷ്യം വഹിച്ചത്. ഇതിനു മുന്‍പ് 2020 മാര്‍ച്ച് ആറിനാണ് അവസാനമായി സിഡ്നി വിമാനത്താവളത്തില്‍ ഒരു ദിവസം 80,000-ത്തിലധികം യാത്രക്കാര്‍ എത്തിയത്.

കോവിഡിനെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നേരിടുന്ന ജീവനക്കാരുടെ കുറവും യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ചില യാത്രക്കാര്‍ക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. സിഡ്‌നി വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരക്കിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തിലെത്താന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ വിമാനത്താവളത്തിന്റെ സിഇഒ ക്ഷമാപണം നടത്തി.

ഈസ്റ്റര്‍ തിരക്ക് മുന്‍കൂട്ടി കണ്ട് ആസൂത്രണം ചെയ്യുന്നതില്‍ എയര്‍ലൈനുകള്‍ പരാജയപ്പെട്ടുവെന്നും വ്യോമയാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു സ്വതന്ത്ര ബോഡി ആവശ്യമാണെന്നും ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ടിഡബ്ല്യുയു) കുറ്റപ്പെടുത്തി. കുറഞ്ഞ ജീവനക്കാരുമായാണ് ഈ തിരക്കിനെ എയര്‍ലൈനുകള്‍ നേരിടുന്നത്.

മഹാമാരിക്കാലത്ത് പിരിച്ചുവിട്ട ആയിരക്കണക്കിന് ജീവനക്കാരെ ഇപ്പോഴുള്ള സാഹചര്യം നേരിടാന്‍ വീണ്ടും നിയമിക്കണമെന്ന് ജോലി നഷ്ടപ്പെട്ട ക്വാണ്ടാസ് ജീവനക്കാരന്‍ ഗ്രഹാം മക്കേ പറഞ്ഞു.

സിഡ്നി എയര്‍പോര്‍ട്ട് പുറത്തുവിട്ട പ്രതിദിന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പ്രകാരം നാളെ ആഭ്യന്തര ടെര്‍മിനലില്‍ 79,000 പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 55,000, 62,000 എന്നിങ്ങനെയായി കുറയും.

2021-ല്‍ ക്വാണ്ടാസ് 2,000-ലധികം ജോലികള്‍ വ്യോമയാന സേവന കമ്പനിയായ സ്വിസ്പോര്‍ട്ടിലേക്ക് ഔട്ട്സോഴ്സ് ചെയ്തിരുന്നു. ഇത് തൊഴില്‍ നിയമലംഘനമാണെന്ന് ഫെഡറല്‍ കോടതി വിധിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ ആയിരക്കണക്കിന് വിദഗ്ധരായ തൊഴിലാളികള്‍ വീട്ടില്‍ ഇരിക്കുകയായിരുന്നുവെന്ന് ടിഡബ്ല്യുയു ദേശീയ സെക്രട്ടറി മൈക്കല്‍ കെയ്ന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.