ജനീവ: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങള്‍ക്കിടയിലെ എതിര്‍പ്പ് പ്രകടമായി ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) തിരഞ്ഞെടുപ്പ് വേദികള്‍. യുഎന്‍ കമ്മിറ്റികളിലേക്ക് നടന്ന നാല് തിരഞ്ഞെടുപ്പുകളിലും റഷ്യ പരാജയം ഏറ്റുവാങ്ങി. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
സര്‍ക്കാരിതര സംഘടനകള്‍ക്കായുള്ള കമ്മിറ്റി, യുഎന്‍ വിമന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ്, യുനിസെഫ് എക്സിക്യൂട്ടീവ് ബോര്‍ഡ്, തദ്ദേശീയ പ്രശ്നങ്ങള്‍ക്കായുള്ള സ്ഥിരം സമിതി എന്നീ പോസ്റ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. റഷ്യ മത്സരിച്ചെങ്കിലും ഒന്നില്‍പ്പോലും ജയിക്കാനായില്ല.
സര്‍ക്കാരിതര ഓര്‍ഗനൈസേഷനുകളുടെ സമിതിയില്‍ 54 ബാലറ്റുകളില്‍ 15 വോട്ടുകളും യുഎന്‍ വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ 16 വോട്ടുകളും യുനിസെഫ് എക്സിക്യൂട്ടീവ് ബോര്‍ഡില്‍ 17 വോട്ടുകളും തദ്ദേശീയ പ്രശ്നങ്ങള്‍ക്കായുള്ള സ്ഥിരം സമിതിയില്‍ 18 വോട്ടുകളും മാത്രമാണ് റഷ്യക്ക് നേടാനായത്.
ഉക്രെയ്‌നിലെ അധിനിവേശത്തിന് ലോക വേദിയില്‍ റഷ്യ ഒറ്റപ്പെടുന്നതിന്റെ തെളിവാണ് ഐക്യരാഷ്ട്ര സഭയില്‍ കണ്ടതെന്നും പ്രധാന സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതില്‍ നിന്ന് റഷ്യ അയോഗ്യരാക്കപ്പെടുന്നുവെന്ന സൂചനയാണിതെന്നും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
അതേസമയം അധിനിവേശത്തില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് റഷ്യ. ആവശ്യം നേടിയെടുക്കും വരെ സൈനീക നീക്കം പിന്‍വലിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ഇതിന്റെ ഭാഗമായി തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി.
മരിയുപോളില്‍ 162 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1026 ഉക്രെയ്ന്‍ സൈന്യം ആയുധം വെച്ച് കീഴടങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ യുദ്ധക്കപ്പല്‍ ഉക്രെയ്ന്‍ തകര്‍ത്തെന്നും അതിന്റെ തിരിച്ചടിയാണ് മരിയുപോളില്‍ ഉണ്ടായതെന്നും റഷ്യ പറഞ്ഞു. ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.
എന്നാല്‍, കീഴടങ്ങിയെന്ന റഷ്യയുടെ വാദത്തെക്കുറിച്ച് അറിയില്ലെന്ന് അതേസമയം പുടിന്റെ അനുയായികളിലൊരാളെ തങ്ങള്‍ തടവിലാക്കിയെന്നും ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം വക്താവ് പ്രതികരിച്ചു. ഉക്രെയ്‌നിലെ റഷ്യന്‍ അനുകൂല പ്രതിപക്ഷ നേതാവും പുടിന്റെ അടുത്ത അനുയായിയുമായ വിക്ടര്‍ മെദ്‌വെഡ്ചുക് ആണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇദ്ദേഹത്തെ പിടികൂടിയത്. വിക്ടര്‍ കൈവിലങ്ങ് അണിഞ്ഞിരിക്കുന്ന ചിത്രം പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.