അനുതാപത്തിന്റെ പ്രാധാന്യം പ്രഘോഷിച്ച വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ്

അനുതാപത്തിന്റെ പ്രാധാന്യം പ്രഘോഷിച്ച വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ്

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 15

സ്‌പെയിനില്‍ അസ്റ്റോര്‍ഗാ എന്ന സ്ഥലത്ത് ഒരു പ്രസിദ്ധമായ കുടുംബത്തില്‍ 1190 ലാണ് പീറ്റര്‍ ഗോണ്‍സാലെസ് ജനിച്ചത്.

തന്റെ മാതാവിന്റെ സഹോദരനായ അസ്റ്റോര്‍ഗായിലെ മെത്രാന്റെ കീഴിലാണ് പീറ്റര്‍ പഠിച്ചതും വളര്‍ന്നതും. യുവാവായിരിക്കെ തന്നെ അദ്ദേഹം തന്റെ കത്തീഡ്രലിലെ കാനോന്‍ ആയി നിയമിതനായി. അധികം താമസിയാതെ കത്തീഡ്രല്‍ ചാപ്റ്ററിലെ തലവനായി.

സന്യാസത്തിന് പഠിക്കുമ്പോള്‍ തന്നെ വിശുദ്ധന്‍ വളരെയേറെ ഉദാരത പ്രകടമാക്കിയിരുന്നു. മറ്റുള്ളവരെ സേവിക്കുവാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ അദ്ദേഹം ദൈവശാസ്ത്രം പഠിക്കുവാന്‍ തുടങ്ങി. വിശുദ്ധന്റെ അപാരമായ പാണ്ഡിത്യം മൂലം അനേകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി.

അങ്ങനെ അനേകര്‍ ക്രിസ്തുവിനെ സ്വീകരിച്ചു. അനുതാപത്തിന്റെ പ്രാധാന്യത്തെ പറ്റി എല്ലായിടത്തും വിശുദ്ധന്‍ പ്രസംഗിച്ചു. ദൈവ മഹത്വത്തെ സ്തുതിക്കുവാനും മനുഷ്യരുടെ പാപങ്ങളുടെ ഭീകരതയെക്കുറിച്ചുള്ള ചിത്രം ജനങ്ങളുടെ മനസില്‍ വരച്ചു ചേര്‍ക്കുവാനും അദ്ദേഹം തന്റെ സമയം വിനിയോഗിച്ചു.

ഇതിനിടെ ഫെര്‍ഡിനാന്‍ഡ് മൂന്നാമന്‍ രാജാവ് മൂറുകളെ തന്റെ രാജ്യത്ത് നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടുകൂടി, പ്രസിദ്ധനായ ഈ പ്രഘോഷകനെ തന്റെ രാജധാനിയിലേക്ക് ക്ഷണിച്ചു വരുത്തി. അവരെ നാട്ടില്‍ നിന്നും പുറത്താക്കുന്നതിന് മുന്‍പായി വിശുദ്ധന്റെ ഉപദേശങ്ങളും പ്രാര്‍ത്ഥനകളും വഴി വിശ്വാസപരമായ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍.

രാജാവിന്റെ ആത്മവിശ്വാസത്തില്‍ പ്രചോദിതനായ പീറ്റര്‍ രാജധാനിയിലുള്ളവരുടേയും സൈനീകരുടേയും വിശ്വാസം ജ്വലിപ്പിക്കുവാന്‍ ഉത്സാഹിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അസൂയാലുക്കള്‍ വിശുദ്ധനായി ഒരു കെണിയൊരുക്കി;

ഒരു കൊട്ടാരവേശ്യയെ കുമ്പസാരത്തിന് എന്ന നാട്യത്തില്‍ വിശുദ്ധന്റെ പക്കലേക്കയച്ചു. വിശുദ്ധനെ മയക്കുക എന്നതായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. എന്നാല്‍ അവളുടെ ഗൂഢപദ്ധതി മനസിലാക്കിയ പീറ്റര്‍ ഗോണ്‍സാലെസ് തൊട്ടടുത്ത മുറിയില്‍ പോയി തന്റെ സഭാസ്ത്രം ധരിച്ച് ഒരു വലിയ അഗ്‌നികുണ്ടം ഒരുക്കി അതിന്റെ നടുവില്‍ നിന്നുകൊണ്ട് അവളോട് തന്റെ പക്കലേക്ക് വരുവാന്‍ ആവശ്യപ്പെട്ടു.

അത്ഭുതകരമായ ഈ പ്രവര്‍ത്തി കണ്ട അവളും അവളുടെ അസൂയാലുക്കളുമായ സുഹൃത്തുക്കളും മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നു. ഈ സംഭവം മൂലം അവര്‍ക്ക് വിശുദ്ധനോട് വളരെയേറെ ആദരവുണ്ടായി.

ഇതിനിടെ ഫെര്‍ഡിനാന്റ് രാജാവ് നിരവധി വിജയങ്ങള്‍ നേടുകയും 1236 ല്‍ മൂറുകളുടെ കയ്യില്‍ നിന്നും കൊര്‍ദോവ തിരിച്ചു പിടിക്കുകയും അവരുടെ ഒരു വലിയ മോസ്‌ക് ഒരു കത്തീഡ്രല്‍ പള്ളിയാക്കി മാറ്റുകയും ചെയ്തു. ഇനി തന്റെ ആവശ്യം അവിടെയില്ലെന്ന് മനസിലാക്കിയ വിശുദ്ധന്‍ രാജധാനി വിടുകയും മറ്റ് സ്ഥലങ്ങളില്‍ പോയി സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും രോഗശാന്തി വരവും നല്‍കി ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. 1248 ലെ വിശുദ്ധവാരത്തില്‍ അദ്ദേഹം രോഗബാധിതനായി തീരുകയും ഈസ്റ്റര്‍ ദിനത്തില്‍ കര്‍ത്താവിന്റെ പക്കലേക്ക് യാത്രയാവുകയും ചെയ്തു. കടലില്‍ വെച്ചുള്ള അപകട ഘട്ടങ്ങളില്‍ നാവികര്‍ പലപ്പോഴും ഈ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കാറുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സ്‌കോട്ടിലെ മുന്തുസ്

2. ആല്‍സെസിലെ ഹുണ്ണാ

3. ഏഷ്യാമൈനറിലെ ക്രെഷന്‍സ്

4. മാക്‌സിമൂസും ഒളിമ്പിയാദെസും

5. റോമയിലെ മാരോ, യുട്ടിക്കെസ്, വിക്ടോറിനൂസ്

6. പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ ശിഷ്യകളായിരുന്ന ബസിലിസായും അനസ്റ്റാസിയായും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.