വത്തിക്കാന്‍ സിറ്റി: പെസഹാ ദിനത്തില്‍ 12 തടവുകാരുടെ പാദങ്ങള്‍ കഴുകിയും പാദങ്ങളില്‍ സ്‌നേഹചുംബനമേകിയും ഫ്രാന്‍സിസ് പാപ്പ. പെസഹാ തിരുക്കര്‍മങ്ങളുടെ സുപ്രധാന ഭാഗമായ കാലുകഴുകല്‍ ശുശ്രൂഷ നിര്‍വഹിക്കാന്‍ റോമില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള തുറമുഖ നഗരമായ സിവിറ്റവേച്ചിയയിലെ ഒരു ജയിലാണ് തെരഞ്ഞെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ അദ്ദേഹം റോമിലെ തടവറകളിലാണ് കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചത്.
വൈകിട്ട് നാലു മണിക്കു മുന്‍പായി ജയിലിലെത്തിയ മാര്‍പാപ്പയെ അധികൃതര്‍ സ്വീകരിച്ച് ചാപ്പലിലേക്ക് ആനയിച്ചു. ഇറ്റലിയിലെ നീതിന്യായ മന്ത്രി, തടവുകാര്‍, ജയില്‍ ഉദ്യോഗസ്ഥര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാല്‍ കഴുകല്‍ ശുശ്രൂഷയോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ സന്ദേശം വത്തിക്കാന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പിന്നീടു മാധ്യമങ്ങള്‍ക്കു നല്‍കി.
'കാല്‍ കഴുകല്‍ ശുശ്രൂഷ പലരും വിചിത്രമായ കാര്യമായി കാണുന്നു. യേശു തന്നോടു വിശ്വാസവഞ്ചന കാട്ടിയ വ്യക്തിയുടെ കാലുകള്‍ കഴുകുന്നത് സുവിശേഷത്തില്‍ കാണാം. നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണം എന്ന് ഏറെ ലളിത്യത്തോടെ ഇതിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നാം പരസ്പരം ശുശ്രൂഷിക്കണം. ഇത് എല്ലാ ദിവസവും ചെയ്യാന്‍ കഴിയുമെങ്കില്‍ എത്ര മനോഹരമായിരിക്കും-മാര്‍പാപ്പ പറഞ്ഞു.
തന്നെ ഒറ്റിക്കൊടുത്തവനെ യേശു 'സുഹൃത്ത്' എന്ന് വിശേഷിപ്പിക്കുകയും അവസാനം വരെ അവനു വേണ്ടി കാത്തിരിക്കുകയും എല്ലാം ക്ഷമിക്കുകയും ചെയ്യുന്നു. 'ദൈവം എല്ലാം ക്ഷമിക്കുന്നു, എപ്പോഴും ക്ഷമിക്കുന്നു.
നാമാകട്ടെ പാപമോചനം യാചിക്കുന്നതില്‍ മടുപ്പു പ്രകടിപ്പിക്കുന്നു. ദൈവം വിധിക്കുവനാണ്. ഒപ്പം ക്ഷമിക്കുകയും ചെയ്യുന്നു. പരസ്പരം സേവിക്കാനും ക്ഷമിക്കാനും നമുക്കു കഴിയണമെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
വിവിധ പ്രായക്കാരും രാജ്യക്കാരും ഉള്‍പ്പെടെ 12 പുരുഷന്മാരും സ്ത്രീകളുമായ തടവുകാരുടെ പാദങ്ങള്‍ മാര്‍പാപ്പ കഴുകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26